കൽപ്പറ്റ:ജില്ലയിലെ പാചകവാതക സിലിണ്ടറുകളുടെ വിതരണം സുഗമമാക്കുന്നതിനായി എല്ലാ ഗ്യാസ് ഏജൻസികളും സഹകരിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ഗാർഹികവും ഗാർഹികേതരവുമായ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്ന ഗുണഭോക്താക്കൾക്ക് സമയബന്ധിതമായി ഡെലിവറി നൽകുന്നതിന് പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഏജൻസികൾക്ക് നിർദേശം നൽകി.
വീടുകളിലേക്ക് നേരിട്ട് സിലിണ്ടർ എത്തിച്ചു നൽകുന്നതിന് ഗ്യാസ് ഏജൻസികൾ ഡെലിവറി ബോയ്‌സിന് കർശന നിർദേശം നൽകണം. വീടുകളിൽ എത്തിക്കാതെ വഴിയരികിൽ കൂട്ടമായി സൂക്ഷിച്ചിട്ടുള്ള സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ബന്ധപ്പെട്ടവർക്കെതിരെ ഗാർഹിക പാചകവാതക വിതരണ നിയമപ്രകാരം നടപടി സ്വീകരിക്കുകയും ചെയ്യും.ഗാർഹിക ആവശ്യങ്ങൾക്ക് അനുവദിച്ച സിലിണ്ടറുകൾ ഗാർഹികേതര ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായി ജില്ലാ സപ്ലൈ ഓഫിസർ, താലൂക്ക് സപ്ലൈ ഓഫിസർമാർ, റേഷനിംഗ് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ പൊതുവിപണികളിൽ കർശന പരിശോധന നടത്തും.
ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്ന ഡെലിവറി ചാർജ് ഉൾപ്പെടെയുള്ള തുക മാത്രമേ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാവൂ. അതിലധികം തുക ഈടാക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കുറ്റക്കാരെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർക്ക് ശുപാർശ നൽകുമെന്നും ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു.



