ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ, 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ശിവാലിക്’ ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ ഈ തന്ത്രപ്രധാന പാത കടന്നത്. മേഖലയിലെ സംഘർഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യൻ നാവികസേന നേരിട്ട് മാർഗനിർദ്ദേശങ്ങൾ നൽകുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്
ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്
കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും എൽപിജി ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.






