ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.നിലവിൽ ജില്ലയിൽ പാചകവാതക ദൗർലഭ്യമില്ല. ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും ഗ്യാസ് സിലിണ്ടറുകൾ ബന്ധപ്പെട്ട ഏജൻസികൾ വഴി വീടുകളിൽ എത്തിച്ച് വിതരണം നടത്തി വരുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഭീതി പരത്തുന്ന തരത്തിലുള്ള വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ കൂടിയുള്ള പ്രചാരണങ്ങളോ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകും. എൽ.പി.ജി വിതരണം സംബന്ധിച്ച പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ/താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചതായും സപ്ലൈ ഓഫീസർ അറിയിച്ചു.
ഗ്യാസ് ഏജസികൾ മുൻഗണനാക്രമം പാലിച്ചു മാത്രമേ സിലിണ്ടറുകൾ വിതരണം ചെയ്യാൻ പാടുള്ളൂ. ഉപഭോക്താക്കൾ തങ്ങളുടെ ഫോണിൽ ലഭിക്കുന്ന ഒ ടി പി നമ്പർ സിലിണ്ടർ ഡെലിവറി ചെയ്യുന്ന സമയത്ത് കൈമാറേണ്ടതാണ്. ഗ്യാസ് സിലിണ്ടറുകൾ വിതരണം നടത്തുമ്പോൾ ഗുണഭോക്താക്കളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കുവാൻ പാടില്ല. കൂടാതെ എൽ.പി.ജി വിതരണം സംബന്ധിച്ച് നിലവിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ഗ്യാസ് ഏജൻസികൾ കർശനമായി പാലിക്കണം. യുദ്ധ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജിയുടെ ഉപയോഗം ഗണ്യമായി കുറച്ചു ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആവശ്യമായ ക്രമീകരണങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിതരണം അവശ്യ സ്ഥാപനങ്ങൾക്കായി മാത്രം നിജപ്പെടുത്തിയിട്ടുണ്ട്. ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ട് വാണിജ്യ സിലിണ്ടറുകൾ വിതരണം നടത്താനാണ് നിർദേശം. വാണിജ്യ ആവശ്യങ്ങൾക്കുള്ള ക്വാട്ടയുടെ ലഭ്യത അനുസരിച്ച് ഇത്തരം സ്ഥാപനങ്ങൾക്ക് വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നുണ്ടെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.
കൺട്രോൾ റൂം നമ്പറുകളും ഇ-മെയിൽ വിലാസവും
ജില്ലാ സപ്ലൈ ഓഫീസ്, വയനാട്
04936-202273
dsowayanad1@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, വൈത്തിരി
04936-255222 9188527405
tsovythiri@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, സുൽത്താൻ ബത്തേരി
04936-220213 9188527407 BATHERY TSO@gmail.com
താലൂക്ക് സപ്ലൈ ഓഫീസ്, മാനന്തവാടി
04935-240292 9188527406
tsomntdy@gmail.com



