വീടിനകത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തുവച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അടച്ചിട്ട മുറിക്കുള്ളിൽ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വെച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രാമചന്ദ്രയ്യ (70), കാർത്തിക് (15), ഇരട്ട സഹോദരിമാരായ ചരിത, ചന്ദന എന്നിവരാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ച് മരിച്ചത്.

രാമചന്ദ്രയ്യയുടെ മകൻ മുരളി കഴിഞ്ഞ ദിവസം തന്റെ ബൈക്ക് അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിൽ നൽകിയിരുന്നു. ബൈക്കിന്റെ എഞ്ചിൻ തകരാർ പരിഹരിക്കാൻ രാത്രി മുഴുവൻ എഞ്ചിൻ പ്രവർത്തിപ്പിക്കണമെന്ന് മെക്കാനിക്ക് നിർദ്ദേശിച്ചതായാണ് മുരളി പൊലിസിന് നൽകിയ മൊഴി. ഇത് വിശ്വസിച്ച് മുരളി രാത്രി ബൈക്ക് വീട്ടിനുള്ളിൽ സ്റ്റാർട്ട് ചെയ്ത് വെക്കുകയായിരുന്നു. പുക പുറത്തേക്ക് പോകാതിരിക്കാൻ മുറിയിലെ ജനലുകളും വാതിലുകളും മുരളി അടച്ചിരുന്നു. രാമചന്ദ്രയ്യയും പേരക്കുട്ടികളും ഈ മുറിയിലാണ് ഉറങ്ങിയിരുന്നത്. മുരളിയും ഭാര്യയും ടെറസിലായിരുന്നു കിടന്നിരുന്നത്.

 

അടച്ചിട്ട മുറിയിൽ ബൈക്കിൽ നിന്നുള്ള പുക നിറഞ്ഞതോടെ വായുവിൽ കാർബൺ മോണോക്സൈഡിൻ്റെ അളവ് കൂടുകയും, ഉറക്കത്തിലായിരുന്ന നാലുപേരും ശ്വാസം മുട്ടി മരണപ്പെടുകയുമായിരുന്നു.തിങ്കളാഴ്ച രാവിലെ മുരളി മുറി തുറന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ബൈക്ക് മെക്കാനിക്കിന്റെ തെറ്റായ നിർദ്ദേശമാണോ അതോ മറ്റ് കാരണങ്ങളുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പൊലിസ് വിശദമായ പരിശോധന നടത്തിവരികയാണ്. അടച്ചിട്ട മുറികൾക്കുള്ളിൽ ജനറേറ്ററുകളോ വാഹനങ്ങളോ പ്രവർത്തിപ്പിക്കുന്നത് അതീവ അപകടകരമാണ്. നിറമോ മണമോ ഇല്ലാത്ത കാർബൺ മോണോക്സൈഡ് ഗ്യാസ് മിനിറ്റുകൾക്കുള്ളിൽ ജീവഹാനിക്ക് കാരണമാകും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *