കൽപ്പറ്റ:തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ പോലെ തന്നെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര് മേഘശ്രീ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വോട്ടിംഗ് ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇലക്ഷന് കമ്മീഷന്റെ ഭാഗത്തുനിന്നുള്ള അറിയിപ്പുകള് ശ്രദ്ധിക്കണം. സ്റ്റോര്‍ റൂം തുറക്കുമ്പോഴും റാന്ഡമൈസേഷന് സമയത്തും പ്രശ്നബാധിതമെന്ന് കണ്ടെത്തിയ ബൂത്തുകളിലും തങ്ങളുടെ ഏജന്റുമാര്‍ ഉണ്ടെന്ന് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉറപ്പുവരുത്തണം.

ജില്ലയിലെ 715 പോളിംഗ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടെടുപ്പ് സമയത്ത് വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വനംവകുപ്പിന്റെ സഹായം ഉറപ്പാക്കും. വോട്ടര്‍മാര്‍ക്ക് ഭയമില്ലാതെ വന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ട നിരീക്ഷകര്‍ ബുധനാഴ്ച ജില്ലയിലെത്തും. വോട്ടെടുപ്പിന് ശേഷമുള്ള സ്ക്രീനിംഗ് നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ ജില്ലയില്‍ തുടരും. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വേണം തിരഞ്ഞെടുപ്പ് നടത്താന്‍. റാലികള്‍ക്കും മൈക്ക് ഉപയോഗത്തിനുമുള്ള അനുമതികള്‍ ‘സുവിധ’ പോര്‍ട്ടല്‍ വഴി വേഗത്തില്‍ നല്കാന് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് എ ജയശ്രീ, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ നിജു കുര്യന്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ആര് രാധാകൃഷ്ണന്, എം.ടി ഇബ്രാഹിം, റസാഖ് കല്പറ്റ, വി.പി വര്‍ക്കി, എന്‍.പി രജിത്, പി.കെ രാജന്, വി.എ മജീദ്, കെ സുഗതന് തുടങ്ങിയവര്‍ പങ്കെടുത്തു.



