കൽപ്പറ്റ: വയനാട് ജില്ലയിൽ തെരഞ്ഞെടുപ്പിൽ എൻഡിഎ അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്ന് എൻഡിഎ ചെയർമാൻ പ്രശാന്ത് മലവയൽ പറഞ്ഞു. വോട്ട് വർധിപ്പിക്കാനല്ല മറിച്ച് വിജയിക്കാനാണ് ഇത്തവണ എൻഡിഎ മത്സരിക്കുന്നത്. പ്രവർത്തനത്തിന് വിവിധ മേഖലകളായി തിരിച്ചു നേതാക്കൾക്ക് ചുമതല നൽകുകയും ഇൻചാർജുമാർ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

എൻഡിഎ വളരെ നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബൂത്ത് തല പ്രവർത്തനങ്ങൾ സജീവമാകുകയും ചെയ്തതോടെ പ്രചരണത്തിൽ മുന്നണി ദൂരം മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ മണ്ഡലങ്ങളിൽ പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ കരുത്തരും ജനകീയരുമാണ്. വൻ ജന സ്വീകാര്യതയാണ് ഇവർക്ക് ലഭിക്കുന്നത്. അഴിമതി നടത്താൻ പരസ്പരം മത്സരിക്കുന്ന കോൺഗ്രസിനെയും സിപിഎമ്മിനെയും ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ തന്നെ വികസനം മാത്രം മുന്നോട്ട് വെക്കുന്ന എൻഡിഎക്കൊപ്പമാണ് വോട്ടർമാരെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സംസ്ഥാന കമ്മിറ്റിയംഗം കെ.സദാനന്ദൻ, ടി.എം. സുബീഷ്, എം.പി. സുകുമാരൻ, രാമചന്ദ്രൻ ആരോഡാ തുടങ്ങിയവർ സംബന്ധിച്ചു.




