ഡൽഹി: രാജ്യത്ത് എൽപിജി വിതരണത്തിൽ പ്രതിസന്ധി തുടരുന്നു. സിലിണ്ടറുകൾ കിട്ടാതായതോടെ അടച്ചുപൂട്ടിയ 40 ശതമാനത്തിൽ അധികം ഹോട്ടലുകളും തുറന്നു പ്രവർത്തിക്കാൻ ആകാതെ തുടരുകയാണ്.ഹോർമുസ് കടലിടുക്കുവഴി കൂടുതൽ കപ്പലുകൾ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ഹോർമുസ് കടലിടുക്കുവഴി കൂടുതൽ സുരക്ഷിതമായ കപ്പൽ ഗതാഗതം ഉറപ്പുവരുത്താൻ മോദി ആവശ്യപ്പെട്ടു.
എൽപിജി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഗ്രാമീണ മേഖലയിലെ എൽപിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയർത്തിയിരുന്നു. നഗരപ്രദേശങ്ങളിൽ ബുക്കിങ് ഇടവേള 25 ദിവസമായും ഉയർത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീർഘിപ്പിച്ചിരുന്നു.
പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ കപ്പൽ സർവീസുകളുടെ കുറവുമൂലം ഊർജവിതരണ ശൃംഖലയിലുണ്ടായ തടസമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടർ വിതരണം പരിമിതപ്പെടുത്താൻ കേന്ദ്ര സർക്കാർ ഗ്യാസ് ഏജൻസികൾക്ക് നിർദേശം നൽകിയിരുന്നു. വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവുണ്ടാകുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നു.


