റിയാദ് : പശ്ചിമേഷ്യയിൽ ഇറാന്റെ സൈനിക നീക്കങ്ങൾക്കെതിരെ ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു. മേഖലയിലെ സമാധാനം തകർക്കുന്ന രീതിയിൽ സായുധ സംഘങ്ങൾക്ക് ആയുധവും ഫണ്ടും നൽകുന്നത് ഇറാൻ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് 12 ഗൾഫ്-അറബ്-ഇസ്ലാമിക് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റിഫൈനറികൾക്കും എണ്ണപ്പാടങ്ങൾക്കും നേരെ ആക്രമണം നടത്തിയാൽ അത് ആഗോള ഇന്ധന വിപണിയെ ബാധിക്കുമെന്നും ഇതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.ഖത്തറിലെ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിൽ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. ഗ്യാസ്-ടു-ലിക്വിഡ് GTLപ്ലാന്റിന് വൻ നാശമാണ് സംഭവിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണമെന്നും ബാബ് അൽ മന്ദബ് അടച്ചുപൂട്ടാൻ ശ്രമിക്കരുതെന്നും അറബ് രാജ്യങ്ങൾ ആവശ്യപ്പെട്ടു.അതിനിടെ സംഘർഷം ലഘൂകരിക്കുന്നതിനായി പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങൾ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തുന്നുണ്ട്.




