വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതുമുതൽ ഇതുവരെ കുറഞ്ഞത് ആളില്ലാ യുദ്ധവിമാനങ്ങളുൾപ്പെടെ 16 യുദ്ധവിമാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ടുകൾ. ഇതിൽ ഇറാന്റെ ആക്രമണത്തിൽ തകർന്ന 10 ‘റീപ്പർ’ (Reaper) സ്ട്രൈക്ക് ഡ്രോണുകളും ഉൾപ്പെടുന്നു. യുദ്ധം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴാണ് അമേരിക്കയ്ക്ക് ഇത്രയും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചതിൻറെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. തകർക്കപ്പെട്ട റീപ്പർ ഡ്രോണുകളിൽ ഒൻപതെണ്ണം ആകാശത്തുവെച്ചും ഒരെണ്ണം ജോർദാനിലെ എയർഫീൽഡിൽ വെച്ചുമാണ് തകർക്കപ്പെട്ടത്. പൈലറ്റില്ലാത്ത ഇത്തരം ഡ്രോണുകൾ അപകട സാധ്യത കൂടുതലുള്ള യുദ്ധ മേഖലകളിൽ ഉപയോഗിക്കുന്നതിനായി രൂപകൽപ്പന ചെയ്തവയാണ്.
ഇറാന്റെ ആക്രമണം കൂടാതെ അപകടങ്ങൾ മൂലവും യുഎസിന് വിമാനങ്ങൾ നഷ്ട്‌ടപ്പെട്ടിട്ടുണ്ട്. കുവൈത്തിൽ മൂന്ന് യുഎസ് എഫ്-15 വിമാനങ്ങൾ ‘ഫ്രണ്ട്‌ലി ഫയർ’ (അബദ്ധത്തിൽ സ്വന്തം പക്ഷത്തുനിന്നുള്ള ആക്രമണം) മൂലം തകർന്നത് നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതിന് പുറമെ ഇന്ധനം നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഒരു കെ.സി-135 എന്ന ടാങ്കർ വിമാനം തകരുകയും അതിലുണ്ടായിരുന്ന ആറ് യുഎസ് സൈനികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.





