ഹോട്ടലുകള്‍ പ്രവര്‍ത്തിക്കും; തിങ്കളാഴ്ച്ചത്തെ സമരം ഒഴിവാക്കി; പാചകവാതകം ലഭ്യമാക്കും

പാചകവാതക ക്ഷാമത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ മാര്‍ച്ച്‌ 23-ന് നടത്താനിരുന്ന കടയടപ്പ് സമരം മാറ്റിവെച്ചു പ്രതിസന്ധി പരിഹരിക്കാന്‍ സിവില്‍ സപ്ലൈസ് കമ്മീഷണര്‍ വിളിച്ചുചേര്‍ത്ത അടിയന്തര ചര്‍ച്ചയില്‍ അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായതോടെയാണ് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സമരത്തില്‍ നിന്ന് പിന്തിരിഞ്ഞത്. ഹോട്ടലുകളെ അവശ്യസേവന വിഭാഗമായി പരിഗണിക്കുന്നതടക്കമുള്ള സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.

 

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകളുടെ 20 ശതമാനം അടിയന്തരമായി വിതരണം ചെയ്യാമെന്ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഉറപ്പുനല്‍കി. വരും ദിവസങ്ങളില്‍ വിതരണത്തിന്റെ തോത് ഘട്ടംഘട്ടമായി വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൂടാതെ, പൈപ്പ് ലൈന്‍ ഗ്യാസ് സൗകര്യമുള്ള പ്രദേശങ്ങളില്‍ ഹോട്ടലുകള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ കണക്ഷന്‍ ലഭ്യമാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സിലിണ്ടര്‍ വിതരണം സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി ഏകോപന സമിതികള്‍ രൂപീകരിക്കും.

 

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം മൂലം ഇന്ധന ഇറക്കുമതിയില്‍ ഉണ്ടായ തടസ്സമാണ് പാചകവാതക ക്ഷാമത്തിന് കാരണമായത്. ഇത് മറികടക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്ന ഹോട്ടല്‍ ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് സമരപ്രഖ്യാപനത്തില്‍ നിന്ന് സംഘടന പിന്മാറിയത്. ഇതോടെ തിങ്കളാഴ്ച നടാനിരുന്ന സംസ്ഥാനവ്യാപകമായ കടയടപ്പ് ഒഴിവായത് പൊതുജനങ്ങള്‍ക്ക് വലിയ ആശ്വാസമായി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *