ദമ്മാം: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമ്മാം-റിയാദ് ഹൈവേയിൽ ഒറൈറക്കടുത്ത് ഉമ്മുൽ അറാറിൽ വെച്ചായിരുന്നു അപകടം. കൂടെയുണ്ടായിരുന്ന ഭർത്താവ് യാസീനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമ്മാമിൽ വെച്ച് നടന്നത്. റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്കുള്ള യാത്രക്കിടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിൻ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികൾ പൂർത്തിയാക്കി സൗദിയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.





