വടകര: ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേയുടെ (PhonePe) വ്യാജ പതിപ്പുണ്ടാക്കി തട്ടിപ്പിന് ശ്രമിച്ച രണ്ട് യുവാക്കൾ സൈബർ പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി സ്വദേശികളായ റൂബിൻ രാജ്, ഹജ്സൽ ഹമീൻ എന്നിവരെയാണ് വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് യുവതികളിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. പണം കൈപ്പറ്റിയ ശേഷം തിരികെ അയച്ചു എന്ന് വിശ്വസിപ്പിക്കാൻ ഫോൺപേയുടെ കൃത്രിമ ഇന്റർഫേസ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. പണം അയക്കാതെ തന്നെ ഇടപാട് നടന്നുവെന്ന് കാണിക്കുന്ന സ്ക്രീൻഷോട്ടുകൾ നിർമ്മിച്ചാണ് ഇവർ ഇരകളെ കബളിപ്പിച്ചിരുന്നത്.
പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതികൾ ഉടൻ തന്നെ റെയിൽവേ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സൈബർ ക്രൈം പോലീസ് നടത്തിയ പരിശോധനയിൽ വ്യാജ ആപ്ലിക്കേഷൻ കണ്ടെത്തി





