പശ്ചിമേഷ്യയില്‍ ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തില്‍ ഇവിടേയ്ക്ക് കൂടുതല്‍ സൈന്യത്തെ അയക്കാൻ തീരുമാനിച്ച് അമേരിക്ക.നിലവില്‍ 50,000-ത്തോളം അമേരിക്കൻ സൈനികർ മേഖലയില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം 5,000 പേരടങ്ങുന്ന രണ്ട് മറൈൻ യൂണിറ്റുകളെ കൂടി അടിയന്തരമായി അയക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.
എലൈറ്റ് 82-ാം എയർബോണ്‍ ഡിവിഷനില്‍ നിന്നുള്ള 3,000 സൈനികരെയും യുഎസ് വിന്യസിക്കുന്നുണ്ട്. പേർഷ്യൻ ഗള്‍ഫ് മേഖലയിലെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. യുഎസ് മുന്നോട്ടുവെച്ച 15 ഇന സമാധാന കരാർ ഇറാൻ തള്ളിക്കളഞ്ഞു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉള്‍പ്പെടെയുള്ള തങ്ങളുടെ അഞ്ച് നിബന്ധനകള്‍ അംഗീകരിച്ചാല്‍ മാത്രമേ യുദ്ധം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ഇറാൻ.
സൗദി അറേബ്യയിലെ പ്രിൻസ് സുല്‍ത്താൻ എയർ ബേസിന് നേരെ നടന്ന ഇറാൻ മിസൈല്‍ ആക്രമണത്തില്‍ പത്ത് അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇറാനുമായുള്ള യുദ്ധത്തില്‍ അമേരിക്കയ്ക്കാണ് മുൻതൂക്കമെന്നും എന്നാല്‍ ചർച്ചകള്‍ക്ക് വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രസ്താവിച്ചു.





