യുഎഇ : പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനും രാജ്യം വഴി ട്രാൻസിറ്റ് ചെയ്യുന്നതിനും വിലക്ക് ഏർപ്പെടുത്തി. യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ് എന്നിവ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയാണ് ഈ വിവരം പുറത്തുവിട്ടത്.
ഇറാൻ പൗരന്മാർക്ക് യുഎഇയിലേക്ക് വരുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് പോകാനായി യുഎഇ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിനും അനുമതിയില്ല. യുഎഇയുടെ 10 വർഷത്തെ താമസാനുമതിയായ ‘ഗോൾഡൻ വിസ’ കൈവശമുള്ള ഇറാൻ പൗരന്മാർക്ക് ഈ വിലക്കിൽ ഇളവുണ്ടെന്ന് ഫ്‌ലൈ ദുബൈ വെബ്സൈറ്റിൽ അറിയിച്ചിട്ടുണ്ട്. അവർക്ക് തുടർന്നും വിലക്ക് ബാധകമാകാത്തതിനാൽ രാജ്യത്തേക്ക് പ്രവേശിക്കാവുന്നതാണെന്ന് എയർലൈൻ അറിയിച്ചു. സർക്കാർ തലത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല.






