ഹൈദരാബാദിൽ കരിഞ്ചന്ത വില്പനയ്ക്ക് സൂക്ഷിച്ച 414 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി 10 പേർ അറസ്റ്റിൽ

ഹൈദരാബാദ്: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് രാജ്യത്ത് പാചകവാതക വിതരണത്തിൽ പ്രതിസന്ധി തുടരുന്നതിനിടെ, ഹൈദരാബാദിൽ ശ്മശാനത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻ സിലിണ്ടർ ശേഖരം പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിൽ 414 എൽ.പി.ജി സിലിണ്ടറുകളാണ് പൊലിസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിതരണക്കാരൻ ഉൾപ്പെടെ പത്തുപേരെ കസ്റ്റഡിയിലെടുത്തു.

 

യുഎസ്-ഇസ്റാഈൽ-ഇറാൻ സംഘർഷം മൂലം കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ ഉണ്ടായ പാചകവാതക ക്ഷാമം മുതലെടുത്ത് സിലിണ്ടറുകൾ ഇവർ പൂഴ്ത്തിവെക്കുകയായിരുന്നു. 2,100 രൂപ വിലയുള്ള വാണിജ്യ സിലിണ്ടറുകൾ 6,000 രൂപയ്ക്കാണ് ഇവർ മറിച്ചുവിറ്റിരുന്നത്. പിടിച്ചെടുത്ത സിലിണ്ടറുകൾക്കും വാഹനങ്ങൾക്കും കൂടി ഏകദേശം 22 ലക്ഷം രൂപ വിലമതിക്കുമെന്ന് പൊലിസ് അറിയിച്ചു. കുറ്റകൃത്യത്തിൽ പങ്കാളിയായ ഗ്യാസ് ഏജൻസിയുടെ ലൈസൻസ് മന്ത്രാലയം ഉടൻ റദ്ദാക്കി.

 

പൂഴ്ത്തിവെപ്പ് തടയാൻ പെട്രോളിയം മന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം നടത്തിയ 2,600 റെയ്ഡുകളിലായി 700-ഓളം സിലിണ്ടറുകൾ വിവിധയിടങ്ങളിൽ നിന്ന് പിടിച്ചെടുത്തതായി പെട്രോളിയം മന്ത്രാലയത്തിലെ സീനിയർ ഉദ്യോഗസ്ഥ സുജാത ശർമ്മ അറിയിച്ചു. മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഇറക്കുമതിയെയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് എന്നതിനാൽ, വരും ദിവസങ്ങളിലും പരിശോധനകൾ കർശനമായി തുടരാനാണ് അധികൃതരുടെ തീരുമാനം

 

അവശ്യവസ്തുക്കളുടെ നിയമവിരുദ്ധ വിൽപ്പനയിലും കരിഞ്ചന്തയിലും ഏർപ്പെട്ടിരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ടാസ്ക് ഫോഴ്സ്) ശ്രീ ഗെയ്ക്വാദ് വൈഭവ് രഘുനാഥ്, ഐപിഎസ് പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *