കൽപ്പറ്റ:മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിങ് ജില്ലയില്‍ 96 ശതമാനം പൂര്‍ത്തിയായി. ഈ വിഭാഗങ്ങളില്‍പ്പെട്ട ആകെ 4444 വോട്ടര്‍മാരില്‍ 4266 പേര് ഇതിനോടകം വോട്ട് രേഖപ്പെടുത്തി. മാനന്തവാടി മണ്ഡലത്തില്‍ 1484 വോട്ടര്‍മാരും കല്പറ്റ മണ്ഡലത്തില്‍ 1370 വോട്ടര്‍മാരും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 1590 വോട്ടര്‍മാരുമാണ് ഹോം വോട്ടിങ് സൗകര്യം പ്രയോജനപ്പെടുത്തുന്നത്. 85 വയസിന് മുകളില്‍ പ്രായമുള്ള 140 മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരായ 38 പേരുമാണ് ഇനി വോട്ട് ചെയ്യാനുള്ളത്. ഇതില്‍ മരണപ്പെട്ടവരും താമസം മാറി പോയവരും ഉള്‍പ്പെടുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഇന്ന് (ഏപ്രില്‍ 5) കൂടി വോട്ട് രേഖപ്പെടുത്താന്‍ അപേക്ഷകരുടെ വീട്ടിലെത്തും.
ബൂത്ത് ലെവല്‍ ഓഫീസര്‍, പ്രിസൈഡിങ് ഓഫീസര്‍, പോളിങ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വീഡിയോഗ്രാഫര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് ഹോം വോട്ടിങിനായി വീടുകളില്‍ എത്തിയത്. ജില്ലയില്‍ 80 സ്ക്വാഡുകള്‍ ഹോം വോട്ടിങ് നടപടികള്‍ക്കായി പ്രവര്‍ത്തിക്കുന്നു. വോട്ടറുടെ സ്വകാര്യത ഉറപ്പാക്കുന്നതിനും വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കിയാണ് ഹോം വോട്ട് നടത്തിയത്. വോട്ടെടുപ്പിന് ശേഷം ബാലറ്റ് സുരക്ഷിതമായി സീല്‍ ചെയ്ത് നിശ്ചിത കേന്ദ്രങ്ങളില്‍ എത്തിച്ചുവരികയാണ്.



