ജമ്മു കശ്മീരിലെ ബഡ്ഡാം ജില്ലയുടെ പൊലീസ് തലപ്പത്തേക്ക് മലയാളി, പൊലീസ് മേധാവിയായി കെകെ ഹരിപ്രസാദ് ചുമതലയേറ്റു

ജമ്മു കശ്മീരിലെ ബഡ്ഗാം ( BUDGAM) ജില്ലയുടെ പൊലീസ് മേധാവിയായി മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ കെ.കെ ഹരിപ്രസാദ് ചുമതലയേറ്റു. നേരത്തെ ബാരാമുള്ള അഡീഷണല്‍ എസ് പി ആയിരുന്നു. ഓപ്പറേഷൻ സിന്ദൂരിനിടെ അതിർത്തിപ്രദേശങ്ങളിലെ പ്രവർത്തനങ്ങള്‍ക്ക് സർക്കാരിന്‍റെ പ്രശംസനേടിയ ഉദ്യോഗസ്ഥനാണ്. 2021 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥാനായ കണ്ണൂര്‍ സ്വദേശിയായ ഹരിപ്രസാദിന്‍റെ ആദ്യനിയമനം തന്നെ ജമ്മു കശ്മീരിലായിരുന്നു.

 

കോത്തിബാഗ് അഡീഷണല്‍ എസ് പിയായിരിക്കെയാണ് ശ്രീനഗറിലെ ഞായറാഴ്ച മാർക്കറ്റില്‍ സ്ഫോടനമുണ്ടാകുന്ന്. ഇതിന്‍റെ അന്വേഷണത്തിനടക്കം നേതൃത്വം നല്‍കി. ജമ്മു കശ്മീർ പൊലീസിന്‍റെ സെപ്ഷ്യല്‍ ഓപ്പറേഷൻ ഗ്രൂപ്പിന്‍റെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചായിരുന്നു ഓപ്പറേഷൻ സിന്ദൂറിനുശേഷമുള്ള സംഘർഷ സാഹചര്യത്തില്‍ ബാരാമുള്ളയിലേക്ക് ഹരിപ്രസാദിന് സ്ഥലം മാറ്റം ലഭിക്കുന്നത്.

 

ഓപ്പറേഷൻ സിന്ദൂരിനുശേഷം പാക്കിസ്ഥാൻ ജമ്മു കശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ സമാനതകളില്ലാത്ത ഷെല്ലാക്രമണമാണ് നടത്തിയിരുന്നത്. നിയന്ത്രണരേഖയ്ക്ക് ഇപ്പുറം ഗ്രാമങ്ങളില്‍ നിന്ന് യുദ്ധക്കാല അടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കേണ്ട അതീവ സങ്കീര്‍ണമായ സാഹചര്യത്തിനിടെയാണ് മലയാളിയായ കെ കെ ഹരിപ്രസാദ് ഐപിഎസ് ബാരാമുള്ളയിലെ അഡീഷണല്‍ എസ് പിയായി ചുമതലയേല്‍ക്കുന്നത്. പ്രദേശവാസികളെ ബങ്കറുകളില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നയിച്ചത് കെകെ ഹരിപ്രസാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു.

 

കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയായ ഹരിപ്രസാദിന്‍റെ ആഗ്രഹം സൈനിക സേവനമായിരുന്നു.പിലാത്തറ കൈരളി നഗറിലെ റിട്ട. ഡിഇഒ വി വി കുഞ്ഞിക്കണ്ണന്‍റെയും ജിവിഎച്ച്‌ എസ് എസ് തൃക്കരിപ്പൂരിലെ അധ്യാപികയായിരുന്ന കെ കെ ഗിരിജയുടെയും മകനായ കെ കെ ഹരിപ്രസാദ് കുഞ്ഞിമംഗലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പഠനത്തിന് ശേഷം തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചനീയറിംഗില്‍ നിന്ന് ബിടെക് ബിരുദം നേടി. പിന്നാലെ സൂറത്കല്‍ ഐഐടിയില്‍ നിന്ന് എൻജിനീയറിംഗില്‍ എംടെക്കും സ്വന്തമാക്കി. തുടര്‍ന്ന് കരസേനയുടെ ടെക്ക്നിക്കല്‍ വിഭാഗത്തില്‍ ഓഫീസർ റാങ്കിലേക്കുള്ള പരിശീലനത്തിലേക്ക്. എന്നാല്‍, പരിശീലനത്തിനിടെ മെഡിക്കല്‍ സംബന്ധമായ ചില പ്രശ്നങ്ങള്‍ കാരണം ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

 

പക്ഷേ, രാജ്യസേവനത്തോടുള്ള അതിയായ താല്‍പര്യം ഹരിപ്രസാദ് വിട്ടുകളഞ്ഞില്ല. സിവില്‍ സർവീസിനായി തിരുവനന്തപുരത്ത് തിരിച്ചെത്തി, പഠനം തുടങ്ങി. ഒടുവില്‍ 2021 -ലെ റാങ്ക് പട്ടികയില്‍ 421 -ആം റാങ്ക് നേടി. സംശയത്തിന്‍റെ ചെറുകണിക പോലും അവശേഷിപ്പിക്കാതെ ഇന്ത്യൻ പൊലീസ് സർവീസിലേക്ക്. മനസില്‍ ആഗ്രഹിച്ച്‌ പോലെ പരിശീലനത്തിന് ശേഷം ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ്. 2019 -ന് ശേഷം സിവില്‍ സർവീസിലെ കേന്ദ്ര കേഡറില്‍ നിന്നാണ് ജമ്മു കശ്മീരിലേക്ക് പോസ്റ്റിംഗ് നടത്തുന്നത്. ഇതിനിടെ രാജ്യത്തിന്‍റെ അഭിമാനമായി ദില്ലിയില്‍ നടന്ന ജി 20 ഉച്ചകോടിയിലെ സുരക്ഷ ചുമതലയിലും നിയോഗിക്കപ്പെട്ടു. വെല്ലുവിളികളെ അവസരമാക്കിയ ജീവീതകഥയാണ് ഹരിപ്രസാദിന്‍റെത്. ഏറ്റെടുത്ത ദൗത്യം വിജയിപ്പിച്ച ചെറുപ്പക്കാരൻ. ഭാര്യ നയൻതാര രാജീവ്, മാധ്യമപ്രവർത്തകയാണ്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *