പുൽപ്പള്ളി : പുൽപ്പള്ളി ടൗണിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ടൗണിലെ മുസ്ല്യാരകത്ത് സിദീഖ് തങ്ങളുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. ബെഡ്‌റൂമിൽ ഉറങ്ങിക്കിടന്ന കുട്ടിയുടെ ദേഹത്തുനിന്നും ആഭരണങ്ങൾ അറുത്തുമാറ്റിയ മോഷ്ടാക്കൾ സ്വർണ്ണവും പണവുമായി കടന്നുകളയുകയായിരുന്നു.
സിദീഖിന്റെ സഹോദരൻ ഹക്കീമിന്റെ മകൾ കിടപ്പുമുറിയിൽ ഉറങ്ങുന്നതിനിടെയാണ് മോഷ്ടാക്കൾ ആഭരണങ്ങൾ കവർന്നത്. കുട്ടിയുടെ കൈയ്യിലെ വള, അരഞ്ഞാണം, പാദസരം എന്നിവ അറുത്തുമാറ്റിയ നിലയിലാണ്. ഏകദേശം മൂന്നേ മുക്കാൽ പവൻ തൂക്കം വരുന്ന ആഭരണങ്ങളാണ് കുട്ടിയുടെ ദേഹത്തുനിന്നും നഷ്ടപ്പെട്ടത്. കൂടാതെ, അലമാരയിൽ സൂക്ഷിച്ചിരുന്ന സിദീഖിന്റെ മാതാവിന്റെ അരപ്പവൻ വരുന്ന മോതിരവും 5,000 രൂപയും കവർന്നിട്ടുണ്ട്.
ഇതിനു പുറമെ, സമീപപ്രദേശമായ ആനപ്പാറയിലെ മറ്റൊരു വീട്ടിൽ നിന്നും 3,000 രൂപ മോഷ്ടിച്ചതായും പരാതിയുണ്ട്. വിവരമറിഞ്ഞ ഉടൻ പുൽപ്പള്ളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മോഷണ പരമ്പരകൾ തുടരുന്നത് ജനങ്ങളെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരിയിൽ ടൗണിന് സമീപത്തെ ഒരു വീട്ടിൽ നിന്നും 18 പവൻ സ്വർണ്ണം കവർന്ന കേസിലും ഇതുവരെ പ്രതികളെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.സംഭവത്തിൽ പുൽപ്പള്ളി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.



