നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ ഒന്‍പതിന് സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ/ വാണിജ്യ സ്ഥാപനങ്ങള്‍/ ബാങ്കുകള്‍/വിദ്യാഭ്യാസ/ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി പ്രഖ്യാപിച്ചു.ജീവനക്കാര്‍ക്ക് ശമ്പളത്തോടുകുടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ വോട്ടെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണകേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും നിര്‍ദിഷ്ട പോളിങ് സ്റ്റേഷനുകള്‍ക്കും വോട്ടെടുപ്പിന്റെ തലേദിവസമായ ഏപ്രില്‍ എട്ടിനും പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 10 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയായ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടർമാർക്ക് ഏപ്രില്‍ 9-ന് ശമ്പളത്തോടുകൂടിയ അവധി.പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന പുതുച്ചേരി വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രില്‍ ഒൻപതിന് (വ്യാഴം) സർക്കാർ ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പുതുച്ചേരിയിലെ വോട്ടർമാർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍, മറ്റ് ബിസിനസ് സംരംഭങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാർക്കും കാഷ്വല്‍/ദിവസ വേതനക്കാർക്കും അവധിക്ക് അർഹതയുണ്ട്. 1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 135B പ്രകാരമാണ് ഈ നടപടി.വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്നോടിയായുള്ള 48 മണിക്കൂർ: കർശന നിയന്ത്രണങ്ങളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഇന്ന് വൈകിട്ട് 6 മണിക്കാണ് സംസ്ഥാനത്ത് പരസ്യ പ്രചരണം അവസാനിക്കുന്നത്. സ്വതന്ത്രവും നീതിപൂർവവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി, വോട്ടെടുപ്പ് അവസാനിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള സമയത്തിന് 48 മണിക്കൂർ മുമ്പ് (Silence Period) പാലിക്കേണ്ട കർശനമായ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും വോട്ടർമാർ ഭയരഹിതമായി വോട്ട് രേഖപ്പെടുത്തുന്ന സാഹചര്യം ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ രത്തൻ യു കേല്‍ക്കർ അറിയിച്ചു.
1951-ലെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 126 പ്രകാരം, വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ജാഥകള്‍, ഘോഷയാത്രകള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍ അല്ലെങ്കില്‍ വോട്ടർമാരെ ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് വിനോദ പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്. ടെലിവിഷൻ, സിനിമ അല്ലെങ്കില്‍ മറ്റ് സമാന ഉപകരണങ്ങള്‍ വഴി തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദർശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. റേഡിയോ വഴിയുള്ള പ്രചാരണങ്ങള്‍ക്കും ഈ നിരോധനം ബാധകമാണ്. വോട്ടെടുപ്പ് ദിവസവും അതിന്റെ തലേദിവസവും പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (MCMC) മുൻകൂർ അനുമതി ആവശ്യമാണ്.
മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും പാർട്ടി ഭാരവാഹികളും പ്രചാരണ സമയം അവസാനിച്ചാലുടൻ മണ്ഡലം വിട്ടു പോകേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത ഉറപ്പാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും പൊതുജനങ്ങളും ഈ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.




