എണ്ണവില കുത്തനെ ഇടിഞ്ഞു; കുതിച്ചുകയറി ഓഹരി വിപണികള്‍, സ്വര്‍ണവിലയിലും മുന്നേറ്റം

വാഷിങ്ടണ്‍ ഡിസി: പശ്ചിമേഷ്യയിലെ യുദ്ധത്തിന് താത്കാലിക അവസാനമുണ്ടായതോടെ അസംസ്‌കൃത എണ്ണവിലയില്‍ വന്‍ ഇടിവ്. ബ്രെന്റ് ക്രൂഡ് 13 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 94 ഡോളര്‍ എന്ന നിലയിലെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വില 110 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. യുദ്ധം താത്കാലികമായി അവസാനിച്ചതോടെ ആഗോള ഓഹരിവിപണികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്.

 

പശ്ചിമേഷ്യയിലെ യുദ്ധം കാരണം ഹോര്‍മുസ് കടലിടുക്ക് അടച്ച പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില വന്‍ കുതിപ്പ് നടത്തിയിരുന്നു. യുദ്ധത്തിന്റെ തുടക്കത്തില്‍ ബാരലിന് 65 ഡോളറുണ്ടായിരുന്ന ബ്രെന്റ് ക്രൂഡ് 110 ഡോളറിന് മുകളിലേക്ക് വരെ ഉയര്‍ന്നിരുന്നു. ആഗോളതലത്തിലുള്ള ഊര്‍ജക്ഷാമത്തിനും യുദ്ധം കാരണമായിരുന്നു. യുദ്ധം താത്കാലികമായി അവസാനിച്ചതോടെ ഡബ്ല്യുടിഐ ക്രൂഡ് 14 ശതമാനത്തിലേറെ ഇടിഞ്ഞ് ബാരലിന് 96.35 ഡോളര്‍ എന്ന നിലയിലാണ്.

 

ലോകമെങ്ങും ഓഹരിവിപണികളില്‍ വന്‍ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ജപ്പാന്റെ നിക്കൈ 5.34 ശതമാനം ഉയര്‍ന്നു. ഹോങ്കോങ് ഓഹരി വിപണി 2.60 ശതമാനവും ദക്ഷിണ കൊറിയന്‍ ഓഹരിവിപണി 5.89 ശതമാനവും ഉയര്‍ന്നു. ഇന്ത്യന്‍ ഓഹരി വിപണികള്‍ തുറക്കാനിരിക്കെ ഗിഫ്റ്റ് നിഫ്റ്റി സൂചിക മൂന്ന് ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ട്. യുഎസ് വിപണികളിലും കുതിപ്പുണ്ടായി ഡോ ഫ്യൂച്ചേഴ്‌സ് 2.33 ശതമാനം ഉയര്‍ന്നു. ആഗോളവിപണിയില്‍ സ്വര്‍ണവില മൂന്ന് ശതമാനത്തിലേറെ ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 4809 ഡോളര്‍ എന്ന നിലയിലെത്തി. വെള്ളി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്ന് ട്രോയ് ഔണ്‍സിന് 76.47 എന്ന ഡോളറിലാണ് വ്യാപാരം. യുദ്ധത്തെ തുടര്‍ന്ന് കനത്ത ഇടിവ് നേരിട്ട സ്വര്‍ണം കുതിപ്പിനുള്ള തയാറെടുപ്പിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *