കേരളം ഇന്ന് വിധിയെഴുതുന്നു. 2.71 കോടി വോട്ടർമാർ വിധി നിശ്ചയിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴുമണിക്ക് ആരംഭിക്കും. വൈകീട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.
പൊള്ളുന്ന ചൂടാണെങ്കിലും ഇത്തവണ പോളിങ് ശതമാനം 85-നു മുകളിലെത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രമം. ഉത്സവപ്രതീതിയിലാണ് വോട്ടെടുപ്പ്. 24 ഓക്സിലറിയടക്കം 30,495 ബൂത്തുകൾ സജ്ജമാക്കി. 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18-19 പ്രായത്തിലുള്ള4,66,408 കന്നിവോട്ടർമാരുണ്ട്. 2040 പ്രശ്നബാധിത ബൂത്തുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ പ്രത്യേക സുരക്ഷയുണ്ടാകും. ആകെ 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.അടിയൊഴുക്കുകളും നിശ്ശബ്ദവോട്ടർമാരുടെ മനസ്സിലിരിപ്പും ആർക്ക് അനുകൂലമാകുമെന്ന ആശങ്കയാണ് മുന്നണികൾക്ക്.



