ബംഗളൂരു: കർണാടക ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോർട്ട്.
ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കും. മൃതദേഹം രാവിലെ 9.00 ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10.00 മണി വരെ പൊതുദർശനം ഉണ്ടാകും. സംസ്‌കാര ചടങ്ങുകൾ 10.30 ഓടെ ആരംഭിക്കുമെന്നാണ് വിവരം. ചിക്കമംഗളൂരുവിൽ വച്ച് നാലുദിവസം മുൻപ് കാണാതായ ശ്രീനന്ദയുടെ മൃതദേഹം നാലാം ദിവസത്തെ തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്കധാരയിൽ നിന്ന് 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന ഈ സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടിൽ നിന്നും കർണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്.ചൊവ്വാഴ്ച രാത്രി മടങ്ങാനായിരുന്നു തീരുമാനം. ഇതിനിടെയാണു ശ്രീനന്ദയെ കാണാതായത്.


