ന്യൂ ഡെൽഹി:രാജ്യത്ത് എൽപിജി ലഭ്യതയെക്കുറിച്ച് പടരുന്ന തെറ്റായ പ്രചാരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പാചകവാതക ക്ഷാമമുണ്ടെന്ന കിംവദന്തികൾ ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതായും ഇത് അനാവശ്യമായ വാങ്ങലുകളിലേക്കും പൂഴ്ത്തിവെയ്പ്പുകളിലേക്കും നയിക്കുന്നുവെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റായ വിവരങ്ങൾ പ്രതിരോധിക്കാൻ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ആശയവിനിമയ സംവിധാനങ്ങൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം ചീഫ് സെക്രട്ടറിമാർക്ക് കത്തെഴുതി.നിലവിൽ കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങൾ മാത്രമാണ് എൽപിജി ലഭ്യതയെക്കുറിച്ച് കൃത്യമായ ഇടവേളകളിൽ വിവരങ്ങൾ ഉപഭോക്താക്കളെ ബോധ്യപ്പെടുത്തുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ബാക്കിയുള്ള സംസ്ഥാനങ്ങളിൽ ഇത്തരം ബോധവൽക്കരണ പരിപാടികൾ ഇല്ലാത്തത് കിംവദന്തികൾ പടരാൻ കാരണമാകുന്നുവെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളും മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ദിവസേന പത്രസമ്മേളനങ്ങൾ നടത്തണമെന്നും സോഷ്യൽ മീഡിയ വഴിയും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴിയും കൃത്യമായ വിവരങ്ങൾ ജനങ്ങളിലെത്തിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിച്ചതുമായി ബന്ധപ്പെട്ട വാർത്തകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ എൽപിജി ക്ഷാമത്തെക്കുറിച്ച് വ്യാജ പ്രചാരണങ്ങൾ ശക്തമായത്. എന്നാൽ രാജ്യത്ത് മതിയായ അളവിൽ പാചകവാതകം ലഭ്യമാണെന്നും വിതരണം സുഗമമാണെന്നും മന്ത്രാലയം ഉറപ്പുനൽകി. ഈ സാഹചര്യം മുതലെടുത്ത് അമിത ലാഭത്തിനായി സിലിണ്ടറുകളും മറ്റ് അവശ്യവസ്തുക്കളും പൂഴ്ത്തിവെയ്ക്കുന്നവർക്കും കരിഞ്ചന്തക്കാർക്കുമെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.



