സഞ്ജു ഷോ; ചെപ്പോക്കിൽ ഡൽഹിയെ തകർത്ത് ചെന്നൈക്ക് ആദ്യ ജയം

ചെന്നൈ: ഐപിഎൽ 2026-ലെ തന്റെ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസൺ നിറഞ്ഞാടിയ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരേ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് ചെന്നൈ ഡൽഹിയെ പരാജയപ്പെടുത്തിയത്. ചെന്നെ ഉയർത്തിയ 213 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് നിശ്ചിത ഓവറിൽ 189 റൺസെടുക്കാനേ സാധിച്ചുള്ളൂ. ഡൽഹിക്കായി ട്രിസ്റ്റൺ സ്റ്റബ്സ് അർധസെഞ്ചുറിയോടെ പൊരുതി നോക്കിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ അദ്ദേഹത്തിനായില്ല. 56 പന്തിൽ നിന്ന് പുറത്താവാതെ 115 റൺസെടുത്ത സഞ്ജു സാംസണാണ് ചെന്നൈയുടെ വിജയശില്പി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് ഓപ്പണർമാരായ പാത്തും നിസ്സങ്കയും കെ.എൽ. രാഹുലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും തുടക്കം മുതൽ ആക്രമിച്ച് കളിച്ചതോടെ ഡൽഹി സ്കോർ നാലോവറിൽ തന്നെ അമ്പത് റൺസ് കടന്നിരുന്നു. 24 പന്തിൽ നിന്ന് 41 റൺസെടുത്ത നിസ്സങ്കയായിരുന്നു ഡൽഹി നിരയിൽ കൂടുതൽ അപകടകാരിയായി മാറിയത്. എന്നാൽ അഞ്ചാം ഓവറിൽ രാഹുലും തൊട്ടടുത്ത ഓവറിൽ നിസ്സങ്കയും പുറത്തായതോടെ ഡൽഹി പെട്ടെന്ന് പ്രതിരോധത്തിലായി. പിന്നാലെ വന്ന അക്ഷർ പട്ടേലും സമീർ റിസ്‌വിയും കുറഞ്ഞ റൺസിന് പുറത്തായത് ഡൽഹിക്ക് വലിയ തിരിച്ചടിയായി.

മധ്യനിരയിൽ ഡേവിഡ് മില്ലറും ട്രിസ്റ്റൺ സ്റ്റബ്‌സും ചേർന്നാണ് തകർച്ചയിൽ നിന്നും ഡൽഹിയെ കരകയറ്റാൻ ശ്രമിച്ചത്. ഇരുവരും ക്രീസിൽ നിലയുറപ്പിച്ചതോടെ 12 ഓവറിൽ ഡൽഹി സ്കോർ 121 റൺസിൽ എത്തിയിരുന്നു. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ചെന്നൈ ബൗളർമാർ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. മില്ലറും അശുതോഷ് ശർമയും ആഖിബ് നബിയും പുറത്തായതോടെ ഡൽഹി ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസെന്ന നിലയിലേക്ക് വീണു. വിക്കറ്റുകൾ ഒരുവശത്ത് വീഴുമ്പോഴും ട്രിസ്റ്റൺ സ്റ്റബ്സ് ഒറ്റയാൾ പോരാട്ടത്തിലൂടെ ഡൽഹിക്ക് നേരിയ പ്രതീക്ഷകൾ നൽകി

30 പന്തിൽ നിന്ന് അർധസെഞ്ചുറി തികച്ച സ്റ്റബ്‌സ് 60 റൺസെടുത്താണ് ഒടുവിൽ മൈതാനം വിട്ടത്. സ്റ്റബ്‌സ് കൂടി മടങ്ങിയതോടെ ഡൽഹിയുടെ പോരാട്ടം അവസാനിക്കുകയും ടീം 189 റൺസിന് പുറത്താവുകയും ചെയ്‌തു. ചെന്നൈ ബൗളിംഗ് നിരയിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയ ജാമി ഓവർട്ടണാണ് ഡൽഹിയെ തകർത്തത്. നിർണ്ണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തി അദ്ദേഹം ചെന്നൈയുടെ വിജയം എളുപ്പമാക്കി മാറ്റി. സഞ്ജുവിന്റെ ബാറ്റിംഗിനൊപ്പം ഓവർട്ടണിന്റെ ബൗളിംഗും ചെന്നൈയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *