2028 മുതല്‍ പെട്രോള്‍ ബൈക്കുകള്‍ക്ക് വിട, ഡല്‍ഹി മുഴുവൻ ഇലക്‌ട്രിക്കിലേക്ക്; വമ്പൻ EV നയം.വായു മലിനീകരണം കുറയ്ക്കാനും ഗതാഗതരംഗത്ത് വലിയ മാറ്റം കൊണ്ടുവരാനും ലക്ഷ്യമിട്ട് ഡല്‍ഹി സർക്കാർ പുതിയ ഇലക്‌ട്രിക് വാഹന (EV) നയം 2026-2030 കരട് പുറത്തിറക്കി. അടുത്ത കുറച്ച് വർഷങ്ങള്‍ക്കുള്ളില്‍ നഗരത്തില്‍ പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ക്ക് കർശന നിയന്ത്രണങ്ങള്‍ വരാനിരിക്കുകയാണ്.
2028 മുതല്‍ ഇലക്‌ട്രിക് ഇരുചക്രങ്ങള്‍ മാത്രം
2028 ഏപ്രില്‍ 1 മുതല്‍ ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ രജിസ്‌ട്രേഷൻ അനുവദിക്കൂ. അതുപോലെ, 2027 ജനുവരി 1 മുതല്‍ മുച്ചക്ര വാഹനങ്ങളിലും (ത്രീ-വീലർ) ഇലക്‌ട്രിക് വാഹനങ്ങള്‍ക്കു മാത്രമായിരിക്കും അനുമതി.
വാണിജ്യ വാഹനങ്ങള്‍ക്കും നിയന്ത്രണം
2026 ജനുവരി 1 മുതല്‍ 3.5 ടണ്‍ വരെ ഭാരമുള്ള പുതിയ പെട്രോള്‍-ഡീസല്‍ ചരക്ക് വാഹനങ്ങള്‍ക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. സ്കൂള്‍ ബസുകള്‍ ഘട്ടംഘട്ടമായി ഇലക്‌ട്രിക് വാഹനങ്ങളാക്കും. എല്ലാ സർക്കാർ വാഹനങ്ങളും 100% ഇലക്‌ട്രിക് മോബിലിറ്റിയിലേക്ക് മാറും.
സബ്‌സിഡികളും ആനുകൂല്യങ്ങളും
2.25 ലക്ഷം രൂപ വരെ വിലയുള്ള ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി ലഭിക്കും. ഇലക്‌ട്രിക് കാറുകള്‍ക്ക് 1 ലക്ഷം രൂപ വരെ പ്രോത്സാഹനം നല്‍കും. കൂടാതെ 10,000 മുതല്‍ 1 ലക്ഷം രൂപ വരെ സ്ക്രാപ്പേജ് ആനുകൂല്യങ്ങളും ലഭിക്കും.അർഹമായ EVകള്‍ക്ക് റോഡ് ടാക്സിലും രജിസ്‌ട്രേഷൻ ഫീസിലും 100% ഇളവും ലഭിക്കും. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഭാഗിക ഇളവുകള്‍ മാത്രമേ ലഭിക്കൂ.
ചാർജിംഗ് നെറ്റ്വർക്ക് വിപുലീകരണം
EV ചാർജിംഗ് സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാൻ പദ്ധതിയുണ്ട്. ചാർജിംഗ്, ബാറ്ററി സ്വാപ്പിംഗ് നെറ്റ്വർക്ക് വികസന ചുമതല Delhi Transco Limited ഏറ്റെടുക്കും. വാഹന ഡീലർഷിപ്പുകളില്‍ ചാർജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാൻ നിർദേശം നല്‍കും.
ലക്ഷ്യം: മലിനീകരണ നിയന്ത്രണം
വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം ഡല്‍ഹിയിലെ വായു ഗുണനിലവാരത്തെ ബാധിക്കുന്ന പ്രധാന കാരണങ്ങളിലൊന്നാണ്. പുതിയ EV നയം ഈ പ്രശ്നത്തിന് ദീർഘകാല പരിഹാരം കാണാനാണ് ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് മൊബിലിറ്റിയിലേക്ക് ശക്തമായ മാറ്റത്തിന് വഴിതെളിക്കുന്ന ഈ നയം, ഡല്‍ഹിയെ കൂടുതല്‍ ശുചിയായും പരിസ്ഥിതി സൗഹൃദമായും മാറ്റുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. കരട് നയത്തിന് പൊതുജനാഭിപ്രായം ശേഖരിച്ചതിന് ശേഷം അന്തിമ രൂപം നല്‍കും.


