സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽ മഴയും കടുത്ത ചൂടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതേസമയം, 10 ജില്ലകളിൽ ഉയർന്ന താപനില തുടരുന്നതിനാൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും സംസ്ഥാനത്ത് പകൽ ചൂടിന് കുറവില്ല. കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ടയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ചൂട് കൂടാൻ സാധ്യതയുണ്ട്. ഉയർന്ന താപനിലയും വായുവിലെ ഈർപ്പവും കാരണം മലയോര മേഖലകളൊഴികെ മറ്റിടങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുന്ന കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക.
ഇടിമിന്നൽ ജാഗ്രത നിർദ്ദേശങ്ങൾ
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഇടിമിന്നൽ സമയത്ത് സ്വീകരിക്കേണ്ട പ്രധാന മുൻകരുതലുകൾ:
◾കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
◾ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുക.
◾ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഫോൺ ഉപയോഗം ഒഴിവാക്കുക.
◾വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കുക.
◾ഇടിമിന്നലുള്ളപ്പോൾ കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
◾തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്.
മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടലിൽ വലിയ തോതിലുള്ള കാറ്റിനോ തിരമാലയ്ക്കോ സാധ്യതയില്ലാത്തത് മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസകരമാണ്.
വേനൽ മഴ ശക്തിപ്പെടുന്നതോടെ ചൂടിന് അല്പം ശമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പത്തോളം ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി വരെ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. സൂര്യതാപം ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

