T-20 ലോകകപ്പ് : സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 62 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

ന്യൂയോര്‍ക്ക് : ടി20 ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ ഗംഭീരമാക്കി ടീം ഇന്ത്യ. സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെ 62 റണ്‍സിന് തോല്‍പ്പിച്ച രോഹിത് ശര്‍മയും സംഘവും ഗംഭീരമായി തുടങ്ങി. ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുത്ത ഇന്ത്യ 183 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 32 പന്തില്‍ 53 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40) നിര്‍ണായക പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശിന് ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനാണ് സാധിച്ചത്. ഇന്ത്യക്ക് വേണ്ടി ശിവം ദുബെ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഹ്മുദുള്ളയാണ് (40 റിട്ടയേര്‍ഡ് ഹര്‍ട്ട്) ബംഗ്ലാദേശിന്റെ ടോപ് സ്‌കോറര്‍. ഷാക്കിബ് അല്‍ ഹസന്‍ 28 റണ്‍സെടുത്തു.

സൗമ്യ സര്‍ക്കാര്‍ (0), ലിറ്റണ്‍ ദാസ് (6), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (0) എന്നിവര്‍ രണ്ടക്കം കാണാതെ പുറത്തായി. തന്‍സിദ് ഹസന്‍ (17), തൗഹിദ് ഹൃദോയ് (13), റിന്‍ഷാദ് ഹുസൈന്‍ (5), ജേക്കര്‍ അലി (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മഹേദി ഹസന്‍ (2), തന്‍സിം ഹസന്‍ ശാകിബ് (1) പുറത്താവാതെ നിന്നു.മോശം തുടക്കായിരുന്നു ഇന്ത്യക്ക്. രണ്ടാം ഓവറില്‍ തന്നെ സഞ്ജുവിനെ ഷൊറിഫുള്‍ ഇസ്ലാം വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇക്കാര്യത്തില്‍ അംപയറുടെ തീരുമാനവും നിര്‍ണായകമായി. ബോള്‍ ലെഗ് സ്റ്റംപിന് പുറത്തേക്ക് പോകുന്നതായിട്ടാണ് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. സന്നാഹ മത്സരങ്ങള്‍ക്ക് റിവ്യൂ സംവിധാനം ഏര്‍പ്പെടുത്തിയിട്ടില്ല. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ പന്ത് അവസരം നന്നായി മുതലെടുത്തു. 49 റണ്‍സ് രോഹിത് ശര്‍മയ്‌ക്കൊപ്പം (23) റണ്‍സ് ഇരുവരും കൂട്ടിചേര്‍ത്തു. എന്നാല്‍ ഏഴാം ഓവറില്‍ രോഹിത് മടങ്ങി.തുടര്‍ന്നെത്തിയ സൂര്യകുമാര്‍ യാദവും (18 പന്തില്‍ 31) നിര്‍ണായക പ്രകടനം പുറത്തെടുത്തു. പന്തിനൊപ്പം 71 റണ്‍സ് ചേര്‍ക്കാന്‍ സൂര്യക്കായി. ഇനിതിനിടെ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി പന്ത് റിട്ടയേര്‍ഡ് ഔട്ടായി. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്. വൈകാതെ സൂര്യ പുറത്തായി. ശിവം ദുബെയാണ് (14) പുറത്തായ മറ്റൊരു താരം. ഹാര്‍ദിക് പാണ്ഡ്യ (23 പന്തില്‍ 40), രവീന്ദ്ര ജഡേജ (4) പുറത്താവാതെ നിന്നു.

ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്ബതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *