കല്പറ്റ: ദേശീയ പാതയിലെ രാത്രിയാത്ര പ്രശ്‌നത്തെ മറികടക്കാന്‍ നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ പാതയുടെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കില്‍ ഭൂമിക്കടിയിലൂടെ നിര്‍ദ്ദേശിച്ചിരിക്കുന്ന പാതയ്ക്ക് സമാന്തരമായി ഭൂഗര്‍ഭ തുരങ്ക പാതയുടെ സാധ്യത പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവും വയനാട് മുന്‍ എം.പി.യുമായ രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.
ഈ ആവശ്യം ഉന്നയിച്ച് തനിക്ക് നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിര്‍ദ്ദിഷ്ട നിലമ്പൂര്‍ നഞ്ചങ്കോട് പാതയ്ക്കുള്ള വിശദമായ പദ്ധതി റിപ്പോര്‍ട്ട് റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിക്കാനിരിക്കെ നിലവിലുള്ള നിയമങ്ങള്‍ക്കനുസൃതമായി ഈ നിര്‍ദ്ദേശത്തിന്റെ സാധ്യത കൂടി പഠനവിധേയമാക്കണം എന്ന് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു. ദേശീയപാതയിലെ രാത്രി യാത്ര നിരോധന പ്രശ്‌നം കാലങ്ങളായി വയനാട്ടിലെ ജനങ്ങള്‍ ഉന്നയിക്കുന്നതാണ്. അന്തര്‍ സംസ്ഥാന വിഷയമായ ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി നിരവധി തവണ താന്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രാലയങ്ങളുമായി വിവിധ ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2022 ജൂലൈ 27 നു സംസ്ഥാന സര്‍ക്കാരുമായി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിതിന്‍ ഗഡ്കരിക്ക് നല്‍കിയ കത്തിന്റെ പകര്‍പ്പും അദ്ദേഹം കത്തിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്വര നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ്, സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ എന്നിവര്‍ രാഹുല്‍ഗാന്ധിക്ക് നേരിട്ട് നിവേദനം നല്‍കിയിരുന്നു.