ഇന്ന് മഹാനവമി. നവരാത്രിയുടെ ഒന്‍പാതം ദിവസമാണ് മഹാനവമിയായി ആഘോഷിക്കുന്നത്. ദുര്‍ഗ്ഗയായി അവതരിച്ച പാര്‍വതീദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവില്‍ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. നാളെ ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദജശമി നാളിലാണ് കുട്ടികള്‍ വിദ്യാരംഭം കുറിച്ച് അക്ഷര ലോകത്തേക്ക് പ്രവേശിക്കുന്നത്.
മഹാനവമി ദിവസത്തില്‍ ക്ഷേത്രങ്ങളില്‍ പുസ്തകപൂജകളും ആയുധപൂജകളും മറ്റ് വിശേഷാല്‍ പൂജകളും നടക്കും. നാളെ പൂജയെടുപ്പും എഴുത്തിനിരുത്തും നടക്കും. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വിജയദശമി ഇന്നാണ്. അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ക്ഷേത്രത്തില്‍ എത്തിയിട്ടുള്ളത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. പഞ്ചാംഗം അനുസരിച്ച് കേരളത്തില്‍ നാളെയാണ് വിജയദശമി.