ഹൈദരാബാദ്- ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ.ബഗ്ലാദേശിന് എതിരെ 297 റൺസാണ് ഇന്ത്യ നേടിയത്. മലയാളി താരം സഞ്ജുസാംസണിന്റെ സെഞ്ചുറിയുടെയും അർധസെഞ്ചുറി നേടിയ സൂര്യകുമാർ യാദവിന്റെയും ബലത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. ഹാർദിക്ക് പാണ്ഡ്യ (47), റിയാൻ പരാഗ്(34) എന്നിവരും ഇന്ത്യൻ റെക്കോർഡിന് അടിത്തറയിട്ടു.
ഓപ്പണർ അഭിഷേക് ശർമയെ മൂന്നാം ഓവറിൽ നഷ്ടമായതിന് ശേഷം സഞ്ജു സാംസൺ – സൂര്യകുമാർ യാദവ് സഖ്യമാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. 47 പന്തിലാണ് സഞ്ജു സെഞ്ചുറി നേടിയത്. എട്ടു സിക്സറും 11 ഫോറും അടങ്ങിയ അവിസ്മരണീയ ഇന്നിംഗ്‌സ്. 35 പന്തിൽനിന്ന് 75 റൺസാണ് നായകൻ സൂര്യകുമാർ യാദവ് നേടിയത്. അഞ്ചു സിക്‌സുകളും 8 ഫോറുകളും. 22 പന്തിൽനിന്ന് സഞ്ജു അർധ സെഞ്ചുറി കുറിച്ചു. സൂര്യ 23 പന്തിലാണ് 50 കടന്നത്. റിഷാദ് ഹൊസൈൻ്റെ രണ്ടാം ഓവറിൽ തുടർച്ചയായി അഞ്ച് സിക്സറുകൾ പായിച്ച് സഞ്ജു സെഞ്ചുറിയിലേക്കും കുതിച്ചു.
കേവലം 40 പന്തിലായിരുന്നു ട്വൻ്റി 20യിലെ കന്നി സെഞ്ചുറി സഞ്ജു കുറിച്ചത്. 173 റൺസാണ് രണ്ടാം വിക്കറ്റിൽ സഖ്യം ചേർത്തത്. സഞ്ജുവിൻ്റെ വിക്കറ്റ് വീണതിന് പിന്നാലെ തന്നെ സൂര്യകുമാറും മടങ്ങി.