ബെംഗളൂരു: 1988ന് ശേഷം ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ച് ന്യൂസിലൻഡ്. ഇന്ത്യ ഉയർത്തിയ 107 റൺസ് എന്ന ചെറിയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ന്യൂസിലൻഡ് അനായാസം മറികടന്നു. 36 വർഷങ്ങൾക്ക് ശേഷമാണ് കിവികൾ ഇന്ത്യൻ മണ്ണിൽ വീരഗാഥ സൃഷ്ടിച്ചത്. സ്കോർ; ഇന്ത്യ-46,462 ന്യൂസിലൻഡ്- 402, 110. ചെറിയ സ്കോറാണെങ്കിലും അഞ്ചാം ദിനം ന്യൂസിലൻഡിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ഇന്ത്യ മൈതാനത്ത് ഇറങ്ങിയത്. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി ഇന്ത്യ പ്രതീക്ഷ ഉയർത്തുകയും ചെയ്തു.
മത്സരം ആരംഭിച്ച് രണ്ടാം പന്തിൽ തന്നെ ന്യൂസിലൻഡിന് വിക്കറ്റ് നഷ്‌ടപ്പെടുകയായിരുന്നു. ടോം ലാതത്തെ(0) ജസ്പ്രീത് ബുംറ എൽബിഡബ്ല്യൂവിൽ കുരുക്കുകയായിരുന്നു. പിന്നാലെ ഡേവോൺ കോൺവേയും വിൽ യങുമാണ് സ്കോർ ഉയർത്തിയത്. ടീം സ്കോർ 35 ൽ നിൽക്കേ കോൺവേയേയും പുറത്താക്കി ബുംറ വീണ്ടും പ്രതീക്ഷ നൽകി. ഇത്തവണയും എൽബിഡബ്ല്യൂവിലൂടെ തന്നെയാണ് ബുംറ വിക്കറ്റ് വീഴ്ത്തിയത്. 17 റൺസാണ് കോൺവേയുടെ സമ്പാദ്യം.
ഇന്നലെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സ് 462 റൺസിൽ അവസാനിച്ചതോടെയാണ് ന്യൂസിലൻഡിന് മുന്നിൽ 107 റൺസ് വിജയലക്ഷ്യം വന്നത്. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 46 റൺസിന് പുറത്തായിരുന്നു. ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ 402 റൺസെടുത്തു. 356 റൺസ് ലീഡാണ് ന്യൂസിലൻഡിനു ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്. രണ്ടാം ഇന്നിങ്സിൽ സർഫറാസ് ഖാൻ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഋഷഭ് പന്ത് (99), വിരാട് കോഹ്ലി (70), ക്യാപ്റ്റൻ രോഹിത് ശർമ (52) എന്നിവർ അർധ സെഞ്ച്വറി സ്വന്തമാക്കിയിരുന്നു.