കോഴിക്കോട്: കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ പരാതിക്കാരനും സുഹൃത്തും കസ്റ്റഡിയിൽ. കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്ന സംഭവം വ്യാജമെന്ന് പോലീസ്. പയ്യോളി സ്വദേശി സുഹൈൽ, സുഹൃത്ത് താഹ, യാസിർ എന്നിവരെയാണ് പോലിസ് കസ്റ്റഡിയിൽ എടുത്തത്. യാസിറിൽ നിന്ന് 37 ലക്ഷം രൂപ കണ്ടെടുത്തു. പരാതിക്കാരന്റെ സുഹൃത്ത് ആണ് യാസിർ.
കവർച്ച സുഹൈലിന്റെ കൂടി അറിവോടെ നടത്തിയ നാടകമെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സുഹൈൽ വൺ ഇന്ത്യ എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ജീവനക്കാരനാണ്. ശനിയാഴ്ചയാണ് പരാതി ഉയരുന്നത്. അരിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുനിന്ന് എടിഎമ്മിലേക്ക് നിറയ്ക്കാൻ കൊണ്ടുപോകുന്ന പണം രണ്ടംഗ സംഘം കവർന്നു എന്നായിരുന്നു സുഹൈലിന്റെ പരാതി. വാഹനം ഓടിച്ചുവരവെ പർദ ധരിച്ചെത്തിയ രണ്ട് പേർ വാഹനം നിർത്തി വാഹനത്തിൽ കയറി തന്നെ ബന്ദിയാക്കി മുളകുപൊടിയെറിഞ്ഞന്നാണ് സുഹൈൽ പറഞ്ഞത്.
ഇതിനുശേഷം ഇവർ തന്നെ വാഹനമോടിച്ച് കാട്ടിലെപീടികയിലെത്തിയപ്പോൾ വാഹനമടക്കം തന്നെ ഉപേക്ഷിച്ചുവെന്നും സുഹൈൽ പറഞ്ഞു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകൾ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാർ കണ്ടെത്തിയത്. എന്നാൽ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോർ അടച്ചിട്ടില്ലെന്നുമുള്ള ദൃക്സാക്ഷി മൊഴികളും നിർണായകമായി. കുരുടിമുക്കിൽ നിന്നും സംശയകരമായ ഒന്നും കണ്ടെത്താൻ പോലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല.
കാറിൽ രണ്ടുപേർ കയറിയ ഉടനെ തന്നെ മർദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാൽ ഒന്നും ഓർമയില്ലെന്നും കാറിൽ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവർന്നതെന്നും സൂഹൈൽ പറഞ്ഞിരുന്നു. സുഹൈലിന്റെ മൊഴികളിൽ നിരവധി വൈരുധ്യങ്ങളുണ്ടായിരുന്നു. അപ്പോൾ തന്നെ സംഭവം വ്യാജമാണെന്ന നിഗമനത്തിലായിരുന്ന പോലീസ്. 25ലക്ഷം നഷ്ടമായെന്ന് സുഹൈൽ പറയുമ്പോൾ, 75 ലക്ഷം പോയെന്നായിരുന്നു ഏജൻസി വ്യക്തമാക്കിയത്. ഈ വൈദ്യുദ്ധ്യങ്ങളെല്ലാം ചേർന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.