കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണെങ്കിലും മഴക്കാലത്ത് വളങ്ങളും കീടനാശിനിയും പ്രയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. കനത്ത മഴയില്‍ ഇവയെല്ലാം നഷ്ടപ്പെട്ടു പോകാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് പച്ചക്കറിക്കൃഷിയില്‍ വളപ്രയോഗം, കീടനിയന്ത്രണം എന്നിവ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
1. തടമിളക്കിയുള്ള വളപ്രയോഗം പരമാവധി ഒഴിവാക്കുക. വളക്കൂറുള്ള മണ്ണൊലിച്ചു പോകാനിതു കാരണമാകും.
2. ഖര രൂപത്തിലുള്ള വളങ്ങളാണ് ഈ സമയത്ത് അനുയോജ്യം. ഇവ നല്ല പൊടിയാക്കി തടത്തിലിട്ട ശേഷം മണ്ണ് വിതറി പൊതയിടുക.
3. ചെടികള്‍ക്ക് കാറ്റ് വീഴ്ച്ച വരാതിരിക്കാന്‍ താങ്ങ് കാല്‍ സ്ഥാപിക്കാം.
4. ഇലകളില്‍ തളിക്കുന്ന കീടനാശിനികള്‍ മഴക്കാലത്ത് ഫലപ്രദമല്ല. ഫെറമോണ്‍ കെണി, മഞ്ഞ കെണി എന്നിവ ഇക്കാലത്ത് ഉപയോഗിക്കാം.
5. പച്ചക്കറി തടത്തിന്റെ മുകളില്‍ ഗ്രീന്‍ നെറ്റ് വലിച്ചുകെട്ടിയാല്‍ വലിയ മഴത്തുള്ളിയില്‍ നിന്ന് ചെടികള്‍ക്ക് സംരക്ഷണം ലഭിക്കും.
6. ഗ്രോബാഗുകള്‍ മഴ ശക്തമായി ലഭിക്കാത്ത സ്ഥലത്തേക്ക് മാറ്റിയ ശേഷം വളപ്രയോഗം നടത്തുന്നത് നന്നായിരിക്കും.