കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ മുഴുവന്‍ കടങ്ങളും എഴുതിത്തള്ളണമെന്ന് ടി. സിദ്ദിഖ് എംഎല്‍എ സര്‍ക്കാരിനോടും വിവിധ ബാങ്ക് അധികാരികളോടും ആവശ്യപ്പെട്ടു.സര്‍വതും നഷ്ടമായ കുടുംബങ്ങളാണ് ചൂരല്‍മലയിലും മുണ്ടക്കൈയിലുമുള്ളത്. ജനങ്ങള്‍ക്ക് വേണ്ടത് വായ്പ പുനക്രമീകരണമല്ല, സമ്പൂര്‍ണ കടാശ്വാസമാണ്. വായ്പകള്‍ റീസ്ട്രക്ചര്‍ ചെയ്യാനുള്ള നടപടികള്‍ അംഗീകരിക്കാനാകില്ല. കേന്ദ്ര, കേരള സര്‍ക്കാരുകള്‍ ദുരന്തബാധിതരോടുള്ള ക്രൂരത തുടരുകയാണ്.
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ചില പൊതുമേഖലാ, സഹകരണ ബാങ്കുകളും ദുരന്തബാധിതരുടെ അക്കൗണ്ടില്‍നിന്നും മറ്റുള്ളവര്‍ നല്‍കുന്ന സഹായധനം പോലും പിടിച്ചുപറിക്കുന്നതു തുടരുകയാണ്.ഇതിന് അറുതിവരുത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നില്ല. നിരവധി തവണ മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും കത്ത് നല്‍കുകയും റിസര്‍വ് ബാങ്കിനെ സമീപിക്കുകയും നിയമസഭയില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടും
ദുരന്തബാധിതരെ ധനകാര്യസ്ഥാപനങ്ങളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുന്നത് കണ്ണില്‍ ചോരയില്ലാത്ത നടപടിയാണ്. പുനരധിവാസം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എംഎഎല്‍എ ആവശ്യപ്പെട്ടു