ടൊറന്റോ: രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം കുറക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുന്ന കുടിയേറ്റ നയം പരാജയമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.
കോവിഡാനന്തരം, രാജ്യത്തെ ആവശ്യങ്ങൾ മുൻനിർത്തി കൂടുതൽ ആളുകൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നൽകുമെന്ന് ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഓരോ രണ്ട് വർഷംതോറും, അഞ്ചുലക്ഷം പേർക്ക് സ്ഥിര റെസിഡൻസ് വിസ നൽകുന്ന പദ്ധതിയായിരുന്നു ഇത്. ശക്തമായ വിമർശനം ഉയർന്നിരുന്നുവെങ്കിലും അദ്ദേഹം മുന്നോട്ടുപോവുകയായിരുന്നു. എന്നാൽ, തൊഴിൽ ആവശ്യങ്ങളെയൂം ജനസംഖ്യ പെരുപ്പത്തെയും വേണ്ടവിധം പുതിയ നയത്തിൽ സന്തുലിതപ്പെടുത്താനായില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം പാർട്ടിക്കകത്തുനിന്നുതന്നെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ തുറന്നുപറച്ചിൽ. നിലവിലെ കുടിയേറ്റ നയം അനുസരിച്ച്, അടുത്ത വർഷം 3,95,000 ആളുകൾക്കാണ് വിസ അനുവദിക്കേണ്ടത്. ഇത് 3.8 ലക്ഷം ആക്കി കുറക്കും.