സ്കൂളിൽ നിന്ന് മടങ്ങിയ പത്താംക്ലാസുകാരിക്കുനേരെ പീഡന ശ്രമം ; പ്രതി പോലീസ് പിടിയിൽ

മലപ്പുറം: നിലമ്പൂരിൽ സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസുകാരിയെ കൈകൾ ബന്ധിച്ച് വനത്തിലേക്ക് വലിച്ചുകൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. അകമ്പാടം എരഞ്ഞിമങ്ങാട് പൂക്കോളൻ നിഷാദിനേയാണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ജൂൺ 10നാണ് സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകും വഴി പതിനാറുകാരി ആക്രമിക്കപ്പെട്ടത്. ആളനക്കമില്ലാത്ത ഭാഗത്തു വച്ച് കടന്നു പിടിച്ച പ്രതി പെൺകുട്ടിയുടെ കൈകൾ ഷാൾ ഉപയോഗിച്ച് പിന്നോട്ട് ബന്ധിച്ച ശേഷം വനത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ലൈംഗീക പീഡനത്തിനുള്ള ശ്രമത്തിനിടെ പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാരെത്തിയത്. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.

 

പെൺകുട്ടി നൽകിയ സുചനപ്രകാരം പ്രതിയുടെ ശരീരഘടന മനസിലാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരേക്കുറിച്ചുള്ള വിവരങ്ങളും നാട്ടുകാരിൽ നിന്ന് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് നിഷാദ് അറസ്റ്റിലായത്. ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സി.ഐ മനോജ് പറയട്ടയുടെ നേതൃത്വത്തിൽ എഎസ്ഐ. ഇ.എൻ. സുധീർ, സിപിഒ മാരായ ബിജേഷ്, കെ. പ്രിൻസ്, അനസ്, മനു, സന്ധ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *