ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ കേരളം രണ്ടാം സ്ഥാനത്ത്

വാഹനങ്ങളുടെ എണ്ണത്തില്‍ കേരളം പത്താമതാണെങ്കിലും ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതില്‍ രണ്ടാം സ്ഥാനത്ത്. മൊബൈല്‍ ഫോണ്‍ വഴിയും, എ.ഐ. ക്യാമറകളിലൂടെയും പിഴചുമത്താൻ കഴിയുന്ന ഇ-ചെലാൻ സംവിധാനം നിലവില്‍വന്നശേഷം 92.58 ലക്ഷം കേസുകളാണ് പോലീസും മോട്ടോർവാഹനവകുപ്പും എടുത്തത്. 1.06 കോടി കേസുകളുള്ള ഉത്തർപ്രദേശാണ് ഒന്നാമതുള്ളത്. 90 ലക്ഷം കേസുകളുമായി തമിഴ്നാട് മൂന്നാം സ്ഥാനത്തുണ്ട്.

 

2020-ലാണ് സംസ്ഥാനത്ത് ഇ-ചെലാൻ സംവിധാനം നടപ്പായത്. കഴിഞ്ഞവർഷം എ.ഐ. ക്യാമറകള്‍ നിലവില്‍വന്നതോടെ പിഴ ചുമത്തലിന്റെ വേഗംകൂടി. കേസെടുക്കുന്നതില്‍ ഒരുപടി മുന്നില്‍ മോട്ടോർവാഹനവകുപ്പാണ്. 52.45 ലക്ഷം കേസുകള്‍ മോട്ടോർവാഹനവകുപ്പ് എടുത്തിട്ടുള്ളപ്പോള്‍ പോലീസിന് 40.30 ലക്ഷം കേസുകളാണുള്ളത്. അതേസമയം പിഴചുമത്തുന്നതില്‍ മറ്റ് ഭൂരിപക്ഷം സംസ്ഥാനങ്ങളിലും പോലീസാണ് മുന്നിലുള്ളത്. ഉത്തർപ്രദേശില്‍ 95.50 ലക്ഷം കേസുകളും പോലീസിന്റേതാണ്. 11.04 ലക്ഷം കേസുകള്‍ മാത്രമാണ് ഗതാഗത വകുപ്പിനുള്ളത്.

 

സ്മാർട്ട് ഫോണുകള്‍ വ്യാപകമായതും എ.ഐ. ക്യാമറകളുമാണ് സംസ്ഥാനത്തെ ഇ-ചെലാൻ ചുമത്തല്‍ വേഗത്തിലാക്കിയത്. ഉദ്യോഗസ്ഥർക്ക് മൊബൈല്‍ ഫോണ്‍ ആപ്പിലൂടെ ഗതാഗത നിയമലംഘനങ്ങള്‍ പകർത്തി പിഴചുമത്താനാകും. മൊബൈല്‍ നെറ്റ്വർക്കിന്റെ പരിമിതിയും മറ്റു സംസ്ഥാനങ്ങളില്‍ ഇ-ചെലാൻ ഫലപ്രദമായി നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇ-ചെലാൻ സംവിധാനം വന്നതിനുശേഷം പിഴവരുമാനത്തിലും വർധനയുണ്ട്. 526 കോടി രൂപയുടെ പിഴചുമത്തിയതില്‍ 123 കോടിരൂപ പിഴയായി ലഭിച്ചിരുന്നു.

 

ഇ-ചെലാൻ വഴിയുള്ള പിഴകള്‍ കൃത്യമായി അടച്ചില്ലെങ്കില്‍ കോടതി കയറേണ്ടിവരും. 30 ദിവസത്തിനുശേഷം കേസ് വെർച്വല്‍ കോടതിക്ക് കൈമാറും. പിഴ വിധിച്ചാല്‍ ഓണ്‍ലൈനില്‍ അടയ്ക്കാൻ ഒരുമാസത്തെ സാവകാശം ലഭിക്കും. അടച്ചില്ലെങ്കില്‍ കേസ് ചീഫ് ജുഡീഷ്യല്‍ കോടതിക്ക് കൈമാറും. വാഹനരേഖകളില്‍ ഉടമയുടെ മൊബൈല്‍ നമ്ബർ കൃത്യമായി രേഖപ്പെടുത്തുകയും പിഴചുമത്തിയ സന്ദേശം ലഭിച്ചാലുടൻ ഓണ്‍ലൈൻ പിഴ അടയ്ക്കുകയുമാണ് സുരക്ഷിതമാർഗം


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *