കൊച്ചി: ഓണ്‍ലൈൻ വ്യാജ ആപ്പ് വഴി നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി പിടിയില്‍. കൊല്ലം പള്ളിത്തോട്ടം സ്വദേശിനി ജെൻസി മോളാണ് (24) കൊച്ചി സൈബർ പൊലീസിന്റെ പിടിയിലായത്.എ.എസ്.ഒ എന്ന ഓണ്‍ലൈൻ ബിസിനസ് ആപ്ലിക്കേഷനിലൂടെ അധിക വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് 1500 ഓളം പേരില്‍ നിന്ന് പ്രതി പണം തട്ടിയത് .
20000 രൂപ ആപ്ലിക്കേഷൻ വഴി നിക്ഷേപിച്ചാല്‍ ദിവസം തോറും ലാഭം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. വാഗ്ദാനത്തില്‍ വിശ്വസിച്ച് സാധാരണക്കാരായ നിരവധി ആളുകള്‍ പ്രതിയുടേതടക്കമുള്ള വിവിധ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.ആദ്യം പണം നിക്ഷേപിച്ചവർക്ക് വൻ ലാഭവും തിരികെ കിട്ടി. എന്നാല്‍ പിന്നീട് ആപ്ലിക്കേഷനില്‍ നിന്ന് നിക്ഷേപിച്ച തുകയും ലാഭവും പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പ് മനസിലായത്. ഫോർട്ടുകൊച്ചി സ്വദേശിയും തട്ടിപ്പിനിരയായ മറ്റു 52 പേരും ചേർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നല്‍കി. കമ്മിഷണറുടെ നിർദ്ദേശപ്രകാരം കൊച്ചി സൈബർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
കൊച്ചി ഡെപ്യൂട്ടി കമ്മിഷണർ സുദർശൻ, സൈബർ പൊലീസ് അസി.കമ്മിഷണർ മുരളി എം.കെ.യുടെയും മേല്‍ നോട്ടത്തില്‍ സൈബർ പൊലീസ് ഇൻസ്പെക്ടർ പി.ആർ. സന്തോഷ്, എ.എസ്.ഐ. ദീപ. സ്മിത, സി.പി.ഒമാരായ റോബിൻ, രാജീവ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.