കൽപ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്‌ടർ ഡി.ആർ. മേഘശ്രീ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ നിയോജക മണ്ഡലങ്ങളിലായി 1471742 വോട്ടർമാരാണുള്ളത്. 2004 സർവ്വീസ് വോട്ടർമാരാണ് വയനാട് മണ്ഡലത്തിലുള്ളത്. ഭിന്നശേഷിക്കാരും, 85 വയസ്സിന് മുകളിലുമുള്ള മുതിർന്ന പൗരൻമാരുമടങ്ങിയ 7519 വോട്ടർമാരാണ് വീടുകളിൽ നിന്നുതന്നെ വോട്ട് ചെയ്യാൻ ഉതുവരെ സന്നദ്ധതയറിയിച്ചത്. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണയും ഒരുങ്ങുന്നത്. ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ കമ്മീഷനിങ്ങ് നവംബർ 5 ന് നടക്കും. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, ഇലക്ഷൻ ഡെപ്യൂട്ടി കളകടർ എം.ഉഷാകുമാരി, എ.ഡി.എം.എം.ബിജുകുമാർ, സുൽത്താൻബത്തേരി അസിസ്റ്റൻ്റ് റിട്ടേണിങ്ങ് ഓഫീസർ കെ. മണികണ്ഠ്‌ഠൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
നിയോജക മണ്ഡലം അടിസ്ഥാനത്തിൽ വോട്ടർമാർ
മണ്ഡലം പുരുഷൻമാർ, സ്ത്രീകൾ ആകെ വോട്ടർമാർ എന്നിവ യഥാക്രമത്തിൽ
▪️ മാനന്തവാടി– 100100, 102830= 202930
▪️സുൽത്താൻബത്തേരി- 110723,116765 = 227489
▪️ കൽപ്പറ്റ – 102573, 108183 =210760
▪️ തിരുവമ്പാടി –91434, 93371 =1848085
▪️ ഏറനാട് – 93880, 91106, =184986
▪️ നിലമ്പൂർ -110826, 115709 =226541
▪️ വണ്ടൂർ -115508, 118720 = 234228
1354 പോളിങ്ങ് സ്റ്റേഷനുകൾ വയനാട് ലോക്സഭാ മണ്ഡലത്തിൽ 30 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിനും സജ്ജമാക്കുന്നത്. മാനന്തവാടി 173, സുൽത്താൻബത്തേരി 218, കൽപ്പറ്റ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂർ 209, വണ്ടൂർ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകൾ. ജില്ലയിൽ രണ്ട് ബൂത്തുകളാണ് അതീവ സുരക്ഷ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 11 പോളിങ്ങ് ബൂത്തുകളിലും പ്രത്യേക സുരക്ഷാപട്ടികയിലുണ്ട്. ഇവിടെയെല്ലാം വെബ്കാസ്റ്റിങ്ങ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങൾ
വയനാട് ലോക്സഭാ മണ്ഡലത്തിൽ ഏഴ് വിതരണ സ്വീകരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. മാനന്തവാടി സെന്റ് പാട്രിക് ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻബത്തേരി സെൻ്റ് മേരീസ് കോളേജ്, കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂൾ, കൂടത്തായി സെന്റ് മേരീസ് എൽ.പി സ്‌കൂൾ, മഞ്ചേരി ചുള്ളക്കാട് ജി.യു.പി സ്കൂൾ, മൈലാടി അമൽ കോളേജ് എന്നിവടങ്ങളിൽ നിന്നാണ് വോട്ടിങ്ങ് സാമഗ്രികളുടെ വിതരണവും സ്വീകരണവും നടക്കുക.
എട്ട് വോട്ടെണ്ണൽ കേന്ദ്രങ്ങൾ
മാനന്തവാടി നിയോജകമണ്ഡലത്തിലെ വോട്ടുകൾ കൽപ്പറ്റ എസ്.കെ.എം.ജെ സ്‌കൂൾ ജൂബിലി ഹാളിലും സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ വോട്ടുകൾ കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്‌കൂളിലും, കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വോട്ടുകൾ എസ്.കെ.എം.ജെ സ്കൂളിലും തിരുവമ്പാടി മണ്ഡലത്തിലെ വോട്ടുകൾ കൂടത്തായി സെന്റ് മേരീസ് എൽ.പി സ്‌കൂളിലുമാണ് എണ്ണുക. ഏറനാട് വണ്ടൂർ, നിലമ്പൂർ നിയോജക മണ്ഡലത്തിലെ വോട്ടുകൾ അമൽ കോളേജ് മൈലാടി സ്‌കിൽ ഡെവലപ്പ്മെന്റ് ബിൽഡിങ്ങിലുമാണ് എണ്ണുക. തപാൽ വോട്ടുകൾ കൽപ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂൾ താൽക്കാലിക കെട്ടിടത്തിലുമാണ് എണ്ണുക.
ചൂരൽമലയിൽ രണ്ട് ബൂത്തുകൾ
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ 10, 12 വാർഡുകളിലെ വോട്ടർമാർക്കായി രണ്ട് ബൂത്തുകൾ പ്രദേശത്തും 11-ാം വാർഡിൽ ഉൾപ്പെട്ടവർക്കായി മേപ്പാടി സ്‌കൂളിലും പ്രത്യേക പോളിങ്ങ് ബൂത്ത് ഏർപ്പെടുത്തുമെന്ന് ജില്ലാ കളക്‌ടർ ഡി.ആർ.മേഘശ്രീ പറഞ്ഞു.