ഫോണിൽ ഈ സന്ദേശം ലഭിച്ചവർ ശ്രദ്ധിക്കുക? മുന്നറിയിപ്പുമായി പൊലീസ്

ഇന്നത്തെ കാലത്ത് ജോലി ചെയ്ത് സ്വന്തമായി പണം സമ്പാദിക്കുക എന്നത് പ്രായലിംഗവ്യത്യാസമില്ലാതെ ഏവരുടെയും ആഗ്രഹമാണ്. അപ്പോള്‍ വീട്ടില്‍ ഇരുന്നുതന്നെ പണം സമ്പാദിക്കാനുള്ള അവസരം ലഭിച്ചാലോ? എന്നാൽ ഇങ്ങനെ വീട്ടിലിരുന്ന പണം സമ്പാദിക്കാമെന്ന സന്ദേശം കണ്ട ഉടനെ എടുത്തുചാടരുതെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

 

സൂക്ഷിച്ചില്ലെങ്കിൽ പണം മാത്രമല്ല മാനവും പോകും. വർക്ക് ഫ്രം ഹോം തട്ടിപ്പ് കേസുകൾ ഏറിയതോടെയാണ് ജാഗ്രതാ നിർദേശവുമായി പൊലീസ് രംത്തെത്തിയത്. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന മോഹന വാഗ്ദാനം വിശ്വസിച്ച് മൊബൈൽ ഫോണിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്നത്.

 

സുഹൃത്തുക്കളില്‍ നിന്നോ അജ്ഞാത നമ്പറില്‍ നിന്നോ ആകാം ഇത്തരം സാമ്പത്തിക തട്ടിപ്പിന് തുടക്കം കുറിക്കുന്ന ലിങ്ക് ലഭിക്കുക. ഈ ലിങ്കിലൂടെ വെബ്സൈറ്റില്‍ കയറുമ്പോള്‍ യൂസര്‍ അക്കൗണ്ട് തുടങ്ങാന്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് ചില മൊബൈല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കും. ഈ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ യൂസര്‍ അക്കൗണ്ടില്‍ തുക ലഭിച്ചതായി കാണാം.കൂടുതല്‍ പണം സമ്പാദിക്കാനായി കൂടുതല്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നും അതിന് ഒരു നിശ്ചിത തുക ഡെപ്പോസിറ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഓരോ ഘട്ടം കഴിയുമ്പോഴും വ്യാജ വെബ്സൈറ്റിലെ അക്കൗണ്ടില്‍ തുക വര്‍ദ്ധിക്കുന്നതായി കാണാം. കൂടാതെ ഈ വെബ്സൈറ്റിന്റെ ലിങ്ക് കൂടുതല്‍ ആളുകള്‍ക്ക് അയച്ചുനല്‍കിയാല്‍ കൂടുതല്‍ വരുമാനം വര്‍ദ്ധിക്കുമെന്ന വാഗ്ദാനവും കിട്ടും.അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ കഴിയാതെ വരുമ്പോൾ മാത്രമാണ് വഞ്ചിക്കപ്പെട്ടെന്ന് നിങ്ങൾ മനസിലാക്കുക. അപ്പോഴേയ്ക്കും ഈ ലിങ്കിലൂടെ കൂടുതല്‍ പേര്‍ തട്ടിപ്പിന് ഇരകളായിട്ടുണ്ടാകും. ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങളിലൂടെയുള്ള ഓൺലെെൻ ജോലികൾക്ക് ഒരിക്കലും ശ്രമിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാനുള്ള വഴികള്‍ തട്ടിപ്പിലേക്കുള്ള വഴികളായിരിക്കും. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറില്‍ വിവരമറിയിക്കുകയോ www.cybercrime.gov.inഎന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണമെന്ന് പൊലീസ് അറിയിച്ചു

.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *