രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസമേകാൻ ഇൻഷൂറൻസ് മേഖലയില്‍ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി കേന്ദ്രസർക്കാർ. മേഖലയിലെ ഉയർന്ന കമ്മീഷൻ നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ആലോചന. ഇത് നടപ്പിലാകുന്നതോടെ വാഹന ഇൻഷൂറൻസ് തുക കുറയും. ഇൻഷൂറൻസ് റെഗുലേറ്ററി & ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയാണ് നിർണായക നീക്കത്തിന് ഒരുങ്ങുന്നത്. നിലവില്‍ സേവന ദാതാക്കള്‍ക്ക് ഇൻഷൂറൻസ് കമ്പനികള്‍ വലിയ തുകയാണ് കമ്മീഷനായി നല്‍കുന്നത്. ഉയർന്ന പ്രീമിയം തുകയില്‍ നിന്നാണ് ഈ കമ്മീഷൻ നല്‍കുന്നത്. കമ്മീഷൻ ഉയരുന്നത് പ്രീമിയം വർദ്ധിക്കാനും കാരണം ആകുന്നു. ഇതേ തുടർന്നാണ് കമ്മീഷൻ തുക കുറയ്ക്കാൻ ആർഡിഎഐ തീരുമാനിച്ചത്. ഓണ്‍ ഡാമേജ് പരിരക്ഷയ്ക്ക് 57 ശതമാനംവരെയാണ് കമ്മീഷനായി ഇൻഷൂറൻസ് കമ്പനികള്‍ നല്‍കുന്നത്. എന്നാല്‍ ഇത്രയും തുക ഇനി നല്‍കേണ്ടെന്നാണ് തീരുമാനം. ഓണ്‍ലൈൻ സംവിധാനം വഴിയാണ് ഇതിന് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ബീമ സുഗം എന്നാണ് പുതിയ ഓണ്‍ലൈൻ പോർട്ടലിന് പേര് നല്‍കിയിരിക്കുന്നത്. ഈ പോർട്ടല്‍ അടുത്ത വർഷം ഏപ്രിലില്‍ നിലവില്‍ വരും. ഈ പോർട്ടല്‍ നിലവില്‍ വരുന്നതോടെ കമ്മീഷൻ ഏജന്റുമാർ ഇല്ലാതെ വാഹന ഉടമകള്‍ക്ക് നേരിട്ട് പോളിസി എടുക്കാൻ വാഹന ഉടമകള്‍ക്ക് കഴിയും. വാഹന ഡീലർമാരുടെ ഇടപെടലിനും ഇതോടെ നിയന്ത്രണം വരും.