രാജ്യത്തെ ലൈംഗികാതിക്രമ കേസുകളില്‍ ഇരയാക്കപ്പെട്ട അതിജീവിതയും പ്രതിയും ഒത്തുതീർപ്പിലെത്തിയാലും കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.
ഇത്തരത്തിലൊരു പഴുത് ഉപയോഗിച്ച് പല പ്രതികളും കേസുകളില്‍ നിന്ന് രക്ഷ നേടുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് സുപ്രീംകോടതി നിർണായക നിരീക്ഷണം നടത്തിയത്. 2022-ല്‍ രാജസ്ഥാനിലെ ഗംഗാപുർ സിറ്റിയിലുണ്ടായ ഒരു കേസാണ് സുപ്രീംകോടതിയെ ഏറെ പ്രസക്തമായ ഈ നിരീക്ഷണത്തിലേക്ക് എത്തിച്ചത്. ഗംഗാപുർ സിറ്റിയിലെ പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെണ്‍കുട്ടി തൻ്റെ അധ്യാപകൻ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് ഒരു പരാതി നല്‍കിയിരുന്നു.
പരാതിയില്‍ ഉടൻ കേസെടുത്ത പോലീസ് നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി അന്വേഷണവുമായി മുന്നോട്ട് പോകുന്നതിനിടെ അധ്യാപകൻ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സ്വകാര്യമായി സന്ദർശിച്ച് കുടുംബത്തിന് തൻ്റെ പേരില്‍ പരാതി ഇല്ലെന്ന് എഴുതി വാങ്ങുകയും കേസ് ഒരു തെറ്റിദ്ധാരണയുടെ പേരില്‍ നല്‍കിയതാണെന്നും ഒരു സ്റ്റാംപ് പേപ്പറില്‍ എഴുതി വാങ്ങി. തുടർന്നിത് പോലീസിന് മുന്നില്‍ ഹാജരാക്കിയതോടെ പോലീസ് കേസിലെ നടപടിക്രമങ്ങളും അന്വേഷണവും നിർത്തിവെക്കുന്ന സ്ഥിതിയുണ്ടായി. കേസ് പരിശോധിച്ച് വന്നിരുന്ന രാജസ്ഥാൻ ഹൈക്കോടതിയും കേസില്‍ അധ്യാപകനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.
എന്നാല്‍, പിന്നീട് രാംജി ലാല്‍ ബൈർവാ എന്ന സാമൂഹിക പ്രവർത്തകൻ കോടതിയുടെ ഈ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്, സുപ്രധാനമായ നിരീക്ഷണമുണ്ടായത്.ഇതുസംബന്ധിച്ചുള്ള രാജസ്ഥാൻ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി അധ്യാപകനെതിരെ വീണ്ടും കേസെടുത്ത് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.