കര്‍ണാടക ഉഡുപ്പി ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷനില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ബ്രഹ്മാവര്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ മധു, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ് എച്ച് ഒ സുജാത എന്നിവരെയാണ് എസ്പി അരുണ്‍കുമാര്‍ സസ്പെന്റ് ചെയ്തത്. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
കൊല്ലം ഓടനവട്ടം അരയകുന്ന് വീട്ടില്‍ ബിജു മോന്‍ ആണ് കസ്റ്റഡിയിലിരിക്കെ മരിച്ചത്. ശനിയാഴ്ച രാത്രി ചെര്‍ക്കാടിയിലെ സ്ത്രീ തന്നെയും കുട്ടിയേയും വീട്ടില്‍ കയറി ഉപദ്രവിച്ചതായി പൊലീസില്‍ വിളിച്ച് പരാതി പറഞ്ഞതിനെ തുടര്‍ന്നാണ് ബിജു മോനെ കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച പുലര്‍ച്ചെ ലോക്കപ്പില്‍ കുഴഞ്ഞ് വീണ ബിജുവിനെ ബ്രഹ്മവാര്‍ കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ബിജുമോന്റെ ബന്ധുക്കള്‍ കസ്റ്റഡി മരണത്തില്‍ സംശയമുളളതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ബിജുവിനെ നാട്ടുകാരും പൊലിസും മര്‍ദ്ദിച്ചിരുന്നതായി സംശയമുണ്ട്. കസ്റ്റഡി മരണം സംബന്ധിച്ച് അന്വേഷണം നടത്താനായി സിഐഡി ഉദ്യോഗസ്ഥര്‍ ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെത്തി. മരണ ശേഷമാണ് ബിജുവിനെതിരെ എതിരെയുള്ള പരാതിയില്‍ എഫ്‌ഐആര്‍ ഇട്ടതെന്നാണ് വിവരം. രണ്ട് ആഴ്ച മുന്‍പാണ് ബ്രഹ്മവാര്‍ ഷിപ്യാഡില്‍ ജോലിക്കായി ബിജു മോന്‍ എത്തിയത്.