തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്ഐവി ബാധ കൂടുന്നതായി റിപ്പോർട്ട്. 19 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് അണുബാധ വർദ്ധിക്കുന്നത്. രാസലഹരി പോലുള്ള കുത്തിവെപ്പുകൾ ഇതിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. എച്ച്ഐവി പോസിറ്റീവ് ആയവരിൽ 15 ശതമാനം പേർ ഈ പ്രായത്തിൽപ്പെട്ടവരാണന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി വ്യക്തമാക്കി. സ്വവർഗ ലൈംഗികത വഴിയും പുരുഷൻമാർക്കിടയിൽ എച്ച്ഐവി കൂടുന്നുണ്ട്.
2024 ഒക്ടോബർ വരെ സംസ്ഥാനത്ത് 1065 പേർക്കാണ് എച്ചഐവി സ്ഥിരീകരിച്ചത്. ഇതിൽ 805 പുരുഷൻമാരും 258 സ്ത്രീകളും ഉൾപ്പെടുന്നു. രോഗബാധിതരിൽ രണ്ട് പേർ ട്രാൻസ്ജെൻഡർമാരാണ്. 2020 മുതലുള്ള കണക്ക് പരിശോധിച്ചാൽ എച്ച്ഐവി ബാധ വർദ്ധിക്കുകയാണ്. 2023ൽ 1270, 2022ൽ 1126, 2021 ൽ 866, 2020ൽ 840 എന്നിങ്ങനെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണമെന്ന് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി വ്യക്തമാക്കുന്നു.
ലോകത്താകമാനം 3.9 കോടി എച്ച്ഐവി ബാധിതരാണുള്ളത്. ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്‌ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഡിസംബർ ഒന്നിനാണ് എയ്‌ഡ്‌സ് ദിനം. അവകാശങ്ങളുടെ പാത സ്വീകരിക്കൂ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.