കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി. ട്യൂഷൻ സെന്ററുകൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.
കോട്ടയം ജില്ലയിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കുമാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല. തൃശൂർ റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. സംസ്ഥാനത്ത് വരുന്ന അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ഒരു ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേർട്ട് ഇല്ല. ഇന്ന് വടക്കൻ കേരളം-കർണാടകയ്ക്ക് മുകളിലൂടെ അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കേരളാ തീരത്ത് മത്സ്യബന്ധത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. അതേസമയം ഫിൻജാൽ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ ന്യുനമർദ്ദമായി വീണ്ടും ശക്തി കുറഞ്ഞു.