കാസർകോട് : അബദ്ധത്തിൽ രാസലായനി അകത്തുചെന്നതിനെ തുടർന്ന് മൂന്നുമാസം പ്രായമായ ആൺകുഞ്ഞിന് ദാരുണാന്ത്യം.ചെറുവത്തൂർ യൂണിറ്റി ആസ്പത്രിക്ക് സമീപം വാടകവീട്ടിൽ താമസിക്കുന്ന മാർബിൾ തൊഴിലാളി രാജസ്ഥാൻ സ്വദേശി ധരംസിങ്ങിന്റെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞദിവസം രാവിലെ വീട്ടിൽവെച്ച് മൂത്തകുട്ടിയോടൊപ്പം കളിക്കുന്നതിനിടെ മാർബിൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന രാസലായനി കുഞ്ഞിന്റെ മുഖത്തും വായയിലും തെറിക്കുകയായിരുന്നു.ഇതോടെ കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. ഉടൻ തൊട്ടടുത്ത ആസ്പത്രിയിൽ ചികിത്സ തേടി. തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരിക്കുകയായിരുന്നു.