ഒരു നാടിനെ ഒന്നടങ്കം തുടച്ച് നീക്കിയ അതിദാരുണ സംഭവം ആയിരുന്നു വയനാട് ഉരുൾപ്പൊട്ടലിൽ സംഭവിച്ചത്. ഇപ്പോഴും ആ ദുരന്തത്തിന്റെ ഞെട്ടൽ വിട്ടുമാറാതെയാണ് ജനങ്ങൾ മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ദിനം ആണ്. ദുരന്തത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ എത്ര നീക്കിയിരിപ്പ് തുകയുണ്ടെന്ന് അറിയിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സംസ്ഥാനസർക്കാർ ഇന്ന് മറുപടി നൽകും. 2300കോടിയോളം രൂപയുടെ പ്രത്യേക പാക്കേജ് വയനാട് പുനരധിവാസത്തിനായി വേണമെന്നായിരുന്നു സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ അടിയന്തര പുനരധിവാസത്തിന് പണം ഉണ്ടെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിനോട് നീക്കിയിരിപ്പ് തുക എത്രയുണ്ട്,എത്ര ചെലവഴിക്കാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്.