കോഴിക്കോട്: ഗതാഗത നിയമങ്ങൾ കാറ്റിൽ പറത്തി വാഹനങ്ങളുമായി റോഡിൽ ‘അഭ്യാസം’ കാട്ടുന്നവരെ പൂട്ടാൻ മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ദിവസം റീൽസ് ചിത്രീകരണത്തിനിടെ കോഴിക്കോട് വെള്ളയിൽ ബീച്ച് റോഡിൽ ഇരുപതുകാരൻ ദാരുണമായി മരിക്കാനിടയായ സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ജില്ലയിൽ പരിശോധന ശക്തമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. റോഡിൽ അഭ്യാസങ്ങളും റേസിംഗും നടത്തരുതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കർശന നിർദ്ദേശം. പരിശോധന ശക്തമാക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ആലപ്പുഴയിൽ സംസ്ഥാനത്തെ മുഴുവൻ ആർ.ടി.ഒമാരുടെയും യോഗം ട്രാൻസ്പോർട് കമ്മിഷണർ വിളിച്ചിരുന്നു. ജില്ലയിൽ ഉദ്യോഗസ്ഥരെ പത്തോളം സ്ക്വാഡുകളാക്കി തിരിച്ച് പരിശോധന നടത്താനാണ് തീരുമാനം.
ചൊവ്വാഴ്ച വെെകിട്ട് ഏഴ് മണിമുതൽ പുലർച്ചെ മൂന്ന് മണിവരെ കോഴിക്കോട് സിറ്റി, റൂറൽ പരിധിയിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 788 നിയമലംഘനങ്ങൾ. പിടികൂടിയ വാഹനഉടമസ്ഥരിൽ നിന്ന് ഈടാക്കിയത് 19,33,700 രൂപ. 172 വാഹനങ്ങൾ മറ്റ് യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ലെെറ്റ് ഉപയോഗിച്ചതിനും, 46 വാഹനങ്ങൾ രൂപമാറ്റം വരുത്തിയതിനും, അമിതഭാരം കയറ്റിയ ഏഴ് വാഹനങ്ങൾ, ഫിറ്റ്നസ്, നികുതി,പെർമിറ്ര് ഇല്ലാത്ത 26 വാഹനങ്ങൾ എന്നിങ്ങനെയാണ് നടപടി സ്വീകരിച്ചത്. ലെെസൻസ് ഇല്ലാതെ വാഹനമോടിച്ച 39 പേർക്കെതിരെയും , മദ്യപിച്ച് വാഹനമോടിച്ച മൂന്ന് പേർക്കെതിരെയും നടപടിയുണ്ടായി. റോഡ് നിയമലംഘനം നടത്തിയവർക്കെതിരെ ലെെസൻസ് സസ്പെൻഷൻ, പിഴ ഈടാക്കൽ തുടങ്ങിയ നടപടികളാണ് സ്വീകരിച്ചത്.റീൽസ് എടുക്കുന്നതിനിടെ അപകടം നടന്നതിന്റെ കൂടി പശ്ചാത്തലത്തിൽ പരിശോധനകൾ ശക്തമാക്കാനാണ് തീരുമാനം. നഗര പരിധിയിൽ മാത്രമല്ല, റൂറൽ മേഖലകളിലും ശക്തമായ പരിശോധനകൾ തുടരും. നിയമലംഘനം നടത്തിയവർക്കെതിരെ പിഴ ചുമത്താനും ആവശ്യമെങ്കിൽ ലെെസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കും.