ഹൈദരാബാദ്: പുഷ്പ -2വിന്‍റെ പ്രീമിയര്‍ ഷോക്കിടെ ആരാധിക മരിച്ച കേസിൽ നടൻ അല്ലു അർജുൻ രാവിലെ ജയിൽ മോചിതനായി. ഇടക്കാല ജാമ്യം കിട്ടിയിട്ടും ഇന്നലെ പുറത്തിറങ്ങാനായിരുന്നില്ല. ജാമ്യ ഉത്തരവ് രാത്രി വൈകിയും ജയിലിൽ എത്താതായതോടെയാണ് ജയിലില്‍തന്നെ തുടരേണ്ടിവന്നത്. ഇന്ന് രാവിലെ കോടതി ഉത്തരവ് ജയിലില്‍ എത്തിയതിനുശേഷമാണ് അല്ലു ജയിൽമോചിതനായത്. ജയിലിന് പുറത്ത് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷ ഒരുക്കിയത്.
വെള്ളിയാഴ്ച ഉച്ചയോടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് തെലങ്കാന പോലീസ് സംഘം നടനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ നാലാം തീയതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് രേവതി എന്ന യുവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്.