മാനിറച്ചിയും നാടൻതോക്കുകളുമായി അഞ്ചുപേരെ വനപാലകർ പിടികൂടി.

സുൽത്താൻബത്തേരി : മുത്തങ്ങ പൊൻകുഴി ഫോറസ്റ്റ് സെക്ഷൻ പരിധിയിലെ മുറിയംകുന്ന് വനഭാഗത്തോടു ചേർന്നുള്ള കൃഷിഫാമിൽ നിന്ന് മാനിറച്ചിയും നാടൻതോക്കുകളുമായി അഞ്ചുപേരെ വനപാലകർ പിടികൂടി. ഓട്ടോഡ്രൈവറായ തിരുനെല്ലി തൃശ്ശിലേരി പ്ലാമൂല മുഞ്ചിക്കണ്ടി ചന്ദ്രൻ (37), ഫാം മാനേജർ മേപ്പാടി റിപ്പൺ പള്ളിപ്പറമ്പ് ബാബുമോൻ (42), കാട്ടിക്കുളം ചേകാടി ആത്താറ്റുകുന്ന് സ്വദേശികളായ അനീഷ് (20), പ്രകാശൻ (23), ബാലുശ്ശേരി പനങ്ങാട് കാരണത്ത് രഞ്ജിത്ത് (21) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. 39 കിലോഗ്രാം ഇറച്ചിയും മാനിന്റെ തലയും കത്തി ഉൾപ്പെടെയുള്ളവയും കണ്ടത്തി. വേട്ടയ്ക്ക് ഉപയോഗിക്കുന്ന രണ്ട് നാടൻതോക്കുകളും ഒരു എയർഗണ്ണും മുഖ്യപ്രതി ചന്ദ്രൻ്റെ ഓട്ടോറിക്ഷയും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.

 

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജെ. സുധിൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാഴാഴ്ച വൈകീട്ടോടെ പ്രതികളെ പിടികൂടിയത്.ബുധനാഴ്ച ഫാമിലേക്ക് രണ്ടു പേർ തോക്കുമായി പോയതായി വനപാലകർക്ക് വിവരം ലഭിച്ചിരുന്നു. രാത്രി വെടിശബ്ദം കേട്ടതായുള്ള വിവരത്തെത്തുടർന്ന് വ്യാഴാഴ്ച രാവിലെ വനപാലകസംഘം ഫാമിൽ കയറി നടത്തിയ പരിശോധനയിലാണ് മാനിറച്ചി കണ്ടെത്തിയത്. തുടർന്ന്, നാലുപേരെ പിടികൂടി. ചന്ദ്രൻ തോക്ക് വലിച്ചെറിഞ്ഞ് ഉൾവനത്തിലേക്ക് കയറി പുഴനീന്തി മറുകരയിലേക്ക് രക്ഷപ്പെട്ടു. എന്നാൽ, പിന്നാലെ ഓടിയ വനപാലക സംഘം പുഴകടന്ന് സാഹസികമായി ഉൾവനത്തിൽനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

 

ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സന്ദീപ്, ജിബിത്ത് ചന്ദ്രൻ, ആർ. രഞ്ജിത്ത്കുമാർ, കെ. ഉമേഷ്, സി.കെ. സതീഷ്‌കുമാർ, വാച്ചർമാരായ എ.വി. തങ്കമ്മ, ടി.വി. ഗിരിജ, കെ.ടി. ഗോവിന്ദൻ, കെ.വി.രജിത എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *